‘കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യയിൽ ഉത്തരവാദി സർക്കാർ, സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ആളാണ് പ്രസാദ്’; പ്രതിപക്ഷ നേതാവ്

കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ ബാങ്കുകൾക്ക് പണം നൽകാത്തത് കർഷകരുടെ ലോണിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കർഷകരോട് ഈ സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ആളാണ് ആത്മഹത്യ ചെയ്ത പ്രസാദ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇനിയും ഇതേ സമീപനം സർക്കാർ തുടർന്നാണ് കർഷക ആത്മഹത്യ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ഇപ്പോഴും ധനപ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയിൽ സമ്മതിച്ചെങ്കിലും മുഖ്യമന്ത്രിക്ക് അത് സമ്മതിക്കാൻ മടിയാണ്. അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിൽ. വലിയ കടക്കെണിയിലേക്കാണ് കേരളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. ഒരാവശ്യത്തിനും നൽകാൻ സർക്കാരിന്റെ കൈവശം പണമില്ല.സാമൂഹ്യ സുരക്ഷാ പെൻഷൻ 4 മാസമായി കൊടുത്തിട്ടില്ല.

രണ്ട് വയോധികർ അതിനായി തെരുവിലിറങ്ങി ഭിക്ഷയെടുക്കേണ്ടിവരെ വന്നു. 80 വയസുകഴിഞ്ഞ ഈ പാവപ്പെട്ട സ്ത്രീകളെയാണ് സിപിഐഎം സൈബർ സെല്ലുകൾ ആക്രമിക്കുന്നത്. ഒരു ലക്ഷം പേർ പെൻഷന്റെ പരിഷ്‌കരണ കുടിശിക കിട്ടാതെ മരണപ്പെട്ടു. പണമില്ലാത്തതിൽ കേന്ദ്രത്തെയാണ് സംസ്ഥാനം കുറ്റപ്പെടുത്തുന്നത്. ജനങ്ങളെ വിഡ്ഡികളാക്കരുതെന്നും വി ഡി സതീശൻ രൂക്ഷമായി പ്രതികരിച്ചു.