‘പിണറായി കേരളത്തിന്റെ അന്തകൻ, കർഷകരുടെ കാര്യം കഷ്ടമാണ്, ഒരിടത്തും നീതിയില്ല’ ; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

കൊച്ചി: കേരളത്തിന്റെ അന്തകനാണ് പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏത് വിധേനയും പണം ഉണ്ടാക്കുകയാണ് പിണറായിയുടെ ലക്ഷ്യമെന്നും കെ സുധാകരൻ പറഞ്ഞു. ‘പിണറായി വിജയൻ എന്റെ നാട്ടുകാരനും കോളേജ് സഹപാഠിയുമാണ്. അന്ന് പ്രതീക്ഷയുള്ള ഒരു നേതാവായിരുന്നു, എന്നാൽ ഇന്ന് കേരളത്തിന്റെ അന്തകനാണ് പിണറായി’ എന്നായിരുന്നു സുധാകരന്റെ വാക്കുകൾ. കള്ളപ്പണം വെളുപ്പിക്കാനാണ് എക്സാലോജിക് കമ്പനി ഉണ്ടാക്കിയത്. പിണറായി തന്റെ മകളെയും മകനെയും നിർത്തി പണം കൊയ്യുകയാണ്. ലാവ്ലിൻ കേസ്‌ കോടതി പരിഗണിച്ചാൽ പിണറായി അകത്തു പോകും. ഒരു ഭാഗം പണം പാർട്ടിക്ക് നൽകുകയും ബാക്കി പിണറായി അടിച്ചുമാറ്റുകയും ചെയ്തിട്ടുണ്ടാകും.

മുഖ്യമന്ത്രിയുടെ അദാനിയായി ഒരു കൺസ്ട്രക്ഷൻ കമ്പനിയുണ്ടെന്ന് ഊരാളുങ്കലിനെ കുറിച്ച് സുധാകരൻ പറഞ്ഞു. എല്ലാ കരാറുകളും ഊരാളുങ്കലിന് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. അതിനുവേണ്ടി കേരളത്തിൽ സിപിഐഎമ്മും ബിജെപിയും കൂട്ടുചേരുകയാണ്.

മോദി – പിണറായി അവിശുദ്ധ കൂട്ടുകെട്ടാണ് കേരളത്തിൽ. അതുകൊണ്ടാണ് പിണറായിക്കെതിരായ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസി നടപടി എടുക്കാത്തത്. ഇന്നും ഒരു കർഷകൻ ആത്മഹത്യ ചെയ്തു. കർഷകരുടെ കാര്യം കഷ്ടമാണ്. നെല്ല് സംഭരണത്തിന്റെ പണം നൽകിയിട്ടില്ല. കർഷകർ പ്രതിസന്ധിയിലാണ്. ഒരിടത്തും നീതിയില്ല എന്നതാണ് അവസ്ഥയെന്നും സുധാകരൻ പറഞ്ഞു.