പത്തനംതിട്ട: ലൈഫ് പദ്ധതി പ്രകാരമുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണം കിട്ടാത്തതിനാല്‍ ജീവനൊടുക്കിയ ലോട്ടറി കച്ചവടക്കാരന്‍ ഗോപിയുടെ കുടുംബത്തിന് ഉടന്‍ പണം നല്‍കും. ഓമല്ലൂര്‍ പള്ളം പറയനാലി ബിജു ഭവനത്തില്‍ ഗോപിക്ക് കിട്ടാനുള്ള രണ്ടുലക്ഷം രൂപ കുടുംബത്തിന് ലഭ്യമാക്കാന്‍ ലൈഫ് മിഷന്‍ അധികൃതര്‍ ഓമല്ലൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടു. ഹഡ്‌കോ വായ്പയിലൂടെ പണം ലഭ്യമാക്കാനാണ് നീക്കം. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി ഉടന്‍ ചേരും.
ഹഡ്‌കോ വായ്പ മുടങ്ങിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പണം നല്‍കാന്‍ കഴിയാതിരുന്നതെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ലൈഫ് പദ്ധതിക്കുള്ള പണം നല്‍കിയിരുന്നത്. സര്‍ക്കാരില്‍ നിന്നുള്ള പണം നിലച്ചതിനെ തുടര്‍ന്ന് ഹഡ്‌കോ വായ്പ എടുക്കുന്നതിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതും ലഭിച്ചില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
പഞ്ചായത്തിന്റെ കൈയിലും കൊടുക്കാന്‍ പണമില്ലാതെ വന്നതോടെ, വാര്‍ക്ക പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് ഗോപി ജീവനൊടുക്കിയത്. ഓണത്തിന് മുന്‍പ് വീട്ടില്‍ താമസിക്കണമെന്നായിരുന്നു ഗോപിയുടെ ആഗ്രഹം. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ലൈഫ് മിഷന്‍ വിഷയത്തില്‍ ഇടപെട്ടത്. ഹഡ്‌കോ വായ്പ വേഗത്തില്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോപിക്ക് ഇനി രണ്ടുലക്ഷം രൂപയാണ് കിട്ടാനുള്ളത്. സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ ഗോപിയുടെ കുടുംബത്തിന് നല്‍കാന്‍ കഴിയുമോ എന്ന കാര്യം പഞ്ചായത്തും ആലോചിക്കുന്നുണ്ട്.
ശനിയാഴ്ച വീടിനു മുന്‍വശത്തുള്ള റോഡരികില്‍ പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഗോപിയെ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്നു പൊലീസ് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.സന്തോഷ് മുക്ക് -മുട്ടുകുടുക്ക റോഡില്‍ പള്ളം ഭാഗത്ത്, വീടുപണിക്ക് ഇറക്കിയ മെറ്റല്‍ക്കൂനയ്ക്കടുത്തായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നത്.
‘ജീവിതത്തില്‍ പരാജയപ്പെട്ടവന് ജീവിക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ട് ഞാന്‍ പോകുന്നു. വീടിന്റെ പണി എങ്ങും എത്തിയില്ല. പണം കിട്ടാത്തതുകൊണ്ട്. ഓണത്തിനു മുമ്പ് വാര്‍പ്പ് ലെവല്‍ വരെ എത്തിച്ചതാണ്. ഇതുവരെയും വാര്‍പ്പിനുള്ള തുക കിട്ടിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണം’ – ഗോപിയുടെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങള്‍ ഇങ്ങനെ.
ഒരു വര്‍ഷം മുന്‍പ് ഓമല്ലൂര്‍ പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇദ്ദേഹത്തിന് വീട് അനുവദിച്ചിരുന്നു. ഇതിന്റെ ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും പണം ഇല്ലാത്തതിനാല്‍ മേല്‍ക്കൂര വാര്‍ക്കാന്‍ കഴിഞ്ഞില്ല. പണി പൂര്‍ത്തിയാക്കിയ വീട്ടില്‍ ഓണം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹമെന്നു ഗോപി എപ്പോഴും പറയാറുണ്ടായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.