‘മറ്റുള്ളവരെയും നമ്മളെതന്നെയും അപകടത്തിലാക്കരുത്’; ആരാധകരുടെ അതിരുവിട്ട സന്തോഷത്തിൽ സൽമാൻഖാൻ

അതിരു കടന്ന ആരാധകരുടെ ആരാധനയിൽ പ്രതികരണവുമായി നടൻ സൽമാൻ ഖാൻ. ‘ടൈഗർ 3’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തിയേറ്ററിനുള്ളിൽ അപകടമാംവിധം സൽമാൻ ആരാധകർ കരിമരുന്ന് പ്രയോഗം നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ‘ടൈഗർ 3 പ്രദർശനത്തിനിടയിൽ തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചതായി ഞാൻ കേട്ടു. ഇത് വളരെ അപകടകരമാണ്. മറ്റുള്ളവരെയും നമ്മളെതന്നെയും അപകടത്തിലാക്കാതിരിക്കാം. സുരക്ഷിതരായിരിക്കൂ,’ എന്നാണ് സൽമാൻ ഖാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

സിനിമാഹാളിൽ സൽമാന്റെ എൻട്രി കാണിക്കുമ്പോൾ പലഭാഗത്ത് നിന്ന് പടക്കം പൊട്ടിക്കുന്നത് വീഡിയോയിൽ കാണാം. മുൻ സീറ്റിൽ ഇരുന്നവരെ ഇത് പേടിപ്പെടുത്തുകയും ഇവർ സീറ്റിൽ നിന്നിറങ്ങി പോവുകയും ചെയ്യുന്നുണ്ട്. പലഭാഗത്ത് നിന്ന് പൊട്ടിത്തെറികൾ ഉണ്ടാകുന്ന സമയത്ത് തിയേറ്ററിലുണ്ടായിരുന്ന പലരും നിലവിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പടക്കം പൊട്ടിച്ചതിന് ശേഷം ശ്വസം മുട്ടുന്ന തരത്തിൽ തിയേറ്ററാകെ പുകയും രൂപം കൊണ്ടിരുന്നു. മറ്റു തിയറ്ററുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ഇതാദ്യമായല്ല സൽമാൻ ചിത്രത്തിന്റെ റിലീസ് ദിവസം ആരാധകർ വിചിത്രമായ ആഘോഷങ്ങൾ നടത്തുന്നത്.

2021-ൽ ‘അന്തിം: ദി ഫൈനൽ ട്രൂത്ത്’ എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ സമാനമായ സംഭവം അരങ്ങേറിയിരുന്നു. തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിക്കുന്നത് നിർത്തണമെന്ന അഭ്യർത്ഥന സൽമാൻ ഖാൻ ആരാധകരോട് നടത്തിയിരുന്നു.