കണ്ണൂർ ഇരിട്ടിയില്‍ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഏറ്റുമുട്ടി, ആയുധങ്ങൾ പിടിച്ചെടുത്തതായും 2 മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായും സൂചന

കണ്ണൂർ: ഇരിട്ടിയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടിയെന്ന് സംശയം. വനാതിർത്തിയിൽ നടന്ന തിരച്ചിലിനിടയിൽ അക്രമം നടന്നതായാണ് റിപ്പോര്‍ട്ട്. ആയുധങ്ങൾ പിടിച്ചെടുത്തതായും 2 മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.മാവോയിസ്റ്റ് സംഘം അയ്യൻക്കുന്ന് മേഖലയിലേക്ക് നീങ്ങിയതായി സംശയിക്കുന്നു.

കരിക്കോട്ടക്കരി ഉരുപ്പുംക്കുറ്റിയിലാണ് സംഭവം നടന്നത്. വെടിയൊച്ച കേട്ട നാട്ടുക്കാരാണ് സംഭവം പുറത്തറിയിക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ തണ്ടർ ബോൾട്ട് പരിശോധന കർശനമാക്കിയിരുന്നു.ഇരിട്ടിക്കടുത്ത് അയ്യൻങ്കുന്ന് പഞ്ചായത്തിൽ ഉരുപ്പുംങ്കുറ്റിയിലെ വനത്തിനുള്ളിൽ നിന്നാണ് വെടിയൊച്ച കേട്ടത്. രാവിലെ മുതൽ തണ്ടർബോൾട്ട് ഈ പ്രദേശത്തുണ്ടായിരുന്നതായും നാട്ടുക്കാർ പറയുന്നുണ്ട്.

ഇതേ പ്രദേശത്തിനടുത്ത് എടപ്പുഴയിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് 5 പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം ഭക്ഷണസാധനങ്ങൾ ശേഖരിക്കാൻ എത്തിയിരുന്നു. തണ്ടർ ബോൾട്ട് പ്രദേശത്ത് നിരീക്ഷണം നടത്തുന്ന സമയം തന്നെ മാവോയിസ്റ്റുകൾ വീണ്ടും നാട്ടിലെത്തിയത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

കമ്പമലയിൽ നിന്നും മാവോയിസ്റ്റുകളായ ഉണ്ണിമായയെയും, ചന്ദ്രുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഇരിട്ടി, ആറളം, അമ്പായത്തോട്, കേളകം മേഖലകളിൽ തണ്ടർബോൾട്ടും പോലീസും നിരീക്ഷണം ശക്തമാക്കി വരികയാണ്. തുടർന്ന് ഇന്ന് രാവിലെയാണ് ഉരുംപ്പുംങ്കുറ്റിയിൽ വീണ്ടും മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്.