‘കേന്ദ്രം കൊടുക്കാനുള്ളതെല്ലാം കൊടുത്തു കഴിഞ്ഞു, ഒറ്റ പൈസ പോലും കുടിശ്ശികയില്ല’; വി മുരളീധരൻ

തിരുവനന്തപുരം: ആലുവ ബലാത്സംഗക്കൊലക്കേസിലെ വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ. വിധി ഏറ്റവും ഉചിതമെന്ന് വ്യക്തമാക്കിയ മുരളീധരൻ ഏറ്റവും വേഗത്തിൽ വിധി പ്രസ്താവിക്കാൻ സാധിച്ചുവെന്നും ചൂണ്ടിക്കാണിച്ചു. പോക്സോ നിയമം കേന്ദ്രം ഭേദഗതി ചെയ്തത് വിധി വേഗത്തിലാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാകണമെന്നും മുരളീധരൻ പറഞ്ഞു.സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാലിൻ്റെ വിമർശനത്തോടും വി മുരളീധരൻ പ്രതികരിച്ചു. അടിമ ഉടമ എന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ മുരളീധരൻ അരിയെത്രയെന്ന് ചോദിച്ചാൽ പയർ അഞ്ഞാഴിയെന്നാണ് മറുപടിയെന്നും കുറ്റപ്പെടുത്തി.

പറഞ്ഞ കണക്കുകളിൽ മറുപടിയില്ല, പകരം വാമനപൂജ യെന്നെക്കെയാണ് മറുപടി. പഞ്ച് ഡയലോഗ് പറഞ്ഞ് രക്ഷപ്പെടൻ ശ്രമിക്കരുത്. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണം. ആരും ആരുടെയും അടിമയല്ല; മുരളീധരൻ പറഞ്ഞു. കിഫ്ബി യുടെ കാര്യത്തിൽ കടമെടുപ്പ് പരിധിയിലേ ഉൾപ്പെടുത്താനാകൂവെന്നും അതാണ് രാജ്യത്തെ നിയമമെന്നും വി മുരളീധരൻ വ്യക്തമാക്കി.

നെല്ല് സംഭരണത്തിന് കേന്ദ്രം കഴിഞ്ഞ മാസം 378 കോടി കേന്ദ്രം നൽകിയെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി പണം സംസ്ഥാന സർക്കാർ നെൽകർഷകർക്കു നൽകിയോ അതോ കേരളീയം പരിപാടിക്ക് ചെലവാക്കിയോ എന്നും പരിഹസിച്ചു. കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ആരെന്ന് വ്യക്തമാണ്. കേന്ദ്രം വർധിപ്പിച്ച താങ്ങുവിലയല്ല നൽകുന്നത്. കാര്യങ്ങൾ ചെയ്യാതെ പഴി കേന്ദ്രത്തിൻ്റെ തലയിൽ വക്കാൽ ശ്രമം.

പറഞ്ഞ കാര്യങ്ങളിൽ ധവളപത്രം ഇറക്കാൻ വെല്ലുവിളിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.കേന്ദ്രം കൊടുക്കാനുള്ളതെല്ലാം കൊടുത്തു കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ച മുരളീധരൻ ഒറ്റ പൈസ പോലും കുടിശ്ശിക കൊടുക്കാനില്ലെന്നും വ്യക്തമാക്കി. കുടിശിക വന്നത് കൃത്യമായ നടപടികൾ സർക്കാർ പാലിക്കാത്തതിനാലാണെന്നും കണക്കുകൾ പറയുന്നതല്ലാതെ വിശദാംശങ്ങൾ പറയുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി