‘അഞ്ചുവയസ്സുള്ള കുഞ്ഞിൻ്റെ ജീവന് മറ്റൊന്നും പകരമാകില്ല, കുറ്റവാളി ദയ അർഹിക്കുന്നില്ല’; വി ഡി സതീശൻ

ആലുവ കൂട്ടബലാത്സംഗക്കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഞ്ചുവയസ്സുള്ള കുഞ്ഞിൻ്റെ ജീവന് മറ്റൊന്നും പകരമാകില്ലെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. ലോകം എന്തെന്ന് അറിയും മുൻപെ ആ കുഞ്ഞ് അനുഭവിച്ചത് അങ്ങേയറ്റത്തെ വേദനയാണ്. കുറ്റവാളി ദയ അർഹിക്കുന്നില്ല. മാപ്പർഹിക്കാത്ത ക്രൂരതയ്ക്ക് ശിശുദിനത്തിലെ ചരിത്രവിധിയെന്നും വി ഡി സതീശൻ പ്രതികരിച്ചു. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്.

പോക്സോ നിയമം നിലവിൽ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേൾക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു.പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെയും ആവശ്യം. പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നൽകരുതെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനിടെ പ്രതിയുടെ മാനസാന്തര സാധ്യതയും കോടതി പരിഗണിച്ചിരുന്നു. ക്രൂരകൃത്യത്തിൽ പ്രതിക്ക് മനസ്ഥാപം ഇല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

നേരത്തെ ഡൽഹിയിലും പ്രതിസമാനമായ കുറ്റകൃത്യം നടത്തിയിരുന്നു എന്നതും കോടതി പരിഗണിച്ചിരുന്നു.ജൂലൈ 27നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതി അസഫാഖ് ആലത്തെ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞിരുന്നു. അന്ന് രാത്രി 9 മണിയോടെ പ്രതിയെ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും പിടികൂടുകയായിരുന്നു. തൊട്ടടുത്ത ദിവസം ആലുവ മാർക്കറ്റിന് പിന്നിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.