അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹർജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് കോടതി ജാമ്യം അനുവദിച്ചത്. മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ മരവിപ്പിച്ചതോടെ അപ്പീലിൽ അന്തിമവിധി വരും വരെ ഒന്നാം പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിയും. അപ്പീൽ ഹർജിയിൽ പിന്നീട് വാദം കേൾക്കും. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല വിട്ടുപോകരുതെന്ന നിബന്ധനയോടെയുമാണ് കോടതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ചത്. കേസിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവാണ് മണ്ണാർക്കാട് എസ് സി – എസ് ടി കോടതി വിധിച്ചത്. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കും ശിക്ഷ ലഭിച്ചിരുന്നു. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴയടയ്ക്കണമെന്നും കോടതി. പിഴത്തുകയുടെ പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചിരുന്നു.സംഭവം നടന്ന് അഞ്ച് വർഷത്തിനൊടുവിലാണ് 13 പ്രതികൾ കുറ്റക്കാരെന്ന് ജഡ്ജി കെ എം രതീഷ് കുമാർ വിധിച്ചത്.

നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെ കോടതി വെറുതെ വിട്ടു. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധു 2018 ഫെബ്രുവരി 22നാണു കൊല്ലപ്പെടുന്നത്. പട്ടിണി മാറ്റാൻ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് ആൾക്കൂട്ടം അതിക്രൂരമായി മർദിച്ചാണ് മധുവിനെ കൊന്നത്. അതിവേഗം പ്രതിപ്പട്ടിക തയ്യാറാക്കിയെങ്കിലും പിന്നീടങ്ങോട്ട് കേസിന്റെ വഴിയിൽ നിരവധി തടസ്സങ്ങളുണ്ടായി. കേസ് അന്വേഷിച്ച അഗളി പോലീസ് മേയ് 31നാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഏപ്രിൽ 28നാണ് മണ്ണാർക്കാട് പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിചാരണ നടപടികളും വിധിയുമുണ്ടായത്.