കശ്മീരിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ജമ്മു∙ ജമ്മു കശ്മീരിലെ ദോഡയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു.

നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കിഷ്ത്വാറിലെയും ദോഡയിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ അസാർ മേഖലയിലാണ് അപകടമുണ്ടായത്. ബത്തോട്ട്-കിഷ്ത്വാർ ദേശീയ പാതയിൽ ട്രംഗൽ-അസാറിന് സമീപമാണ് സംഭവം.

റോഡിൽ നിന്ന് തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ മാറ്റാനായി ഹെലികോപ്റ്റർ സൗകര്യം ഏർപ്പെടുത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരുൾപ്പെടെ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.