ദീപാവലി ദിനത്തിൽ വീട് അലങ്കരിക്കാൻ വൈദ്യുതി മോഷണം; എച്ച് ഡി കുമാരസ്വാമിക്കെതിരെ കേസ്

കർണാട മുൻ മുഖ്യമന്ത്രിയും ജെഡിഎസ് സംസഥാന അധ്യക്ഷനുമായ എച് ഡി കുമാരസ്വാമിക്കെതിരെ വൈദ്യുതി മോഷണത്തിന് കേസ്. കർണാടക വിദ്യുച്ഛക്തി വകുപ്പിന് കീഴിലെ ബംഗളുരു ഇലക്ട്രിസിറ്റി കമ്പനി (ബെസ്‌കോം) ആണ് വൈദ്യുതി മോഷണം കണ്ടെത്തി കേസെടുത്തത്. കുമാരസ്വാമിയുടെ ബെംഗളൂരു ജെപി നഗറിലുള്ള വീട് ദീപാവലി ആഘോഷത്തിനായി ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുന്നതിനാണ് സമീപത്തെ റോഡിലെ വൈദ്യുത തൂണിൽ നിന്ന് വൈദ്യുതി ഉപയോഗിച്ചത്.

കുമാരസ്വാമി അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് വീട് അലങ്കരിച്ച കാര്യം ചിത്രങ്ങൾ സഹിതം കർണാടക കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെ പരിശോധനക്കെത്തിയ ബെസ്കോം അധികൃതർ വൈദ്യുതി മോഷണം നേരിൽ കണ്ടു ബോധ്യപ്പെട്ടു. ബെസ്കോമിലെ വിജിലൻസ് വിഭാഗമാണ് കുമാരസ്വാമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ വൈദ്യുതി നിയമത്തിലെ 135 വകുപ്പ് ( വൈദ്യുതി മോഷണം) പ്രകാരമാണ് കേസ്. ഒന്നു മുതൽ 3 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റ കൃത്യമാണ് വൈദ്യുതി മോഷണം.

അതേസമയം മനഃപൂർവം വൈദ്യുതി മോഷ്ടിച്ചതല്ലെന്നും ദീപാലങ്കാര ജോലികൾ ഏൽപ്പിച്ച ജോലിക്കാർക്ക് പറ്റിയ അബദ്ധമാണെന്നുമാണ് എച് ഡി കുമാരസ്വാമി നൽകുന്ന വിശദീകരണം. നിസാര പ്രശ്നത്തെ ഒരു കാര്യവുമില്ലാതെ കോൺഗ്രസ് പെരുപ്പിച്ചു കാട്ടുകയാണെന്നും ബെസ്കോം ആവശ്യപ്പെടുന്ന പിഴ അടക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.