ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അപൂർവ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് ഇന്ന് ഇന്ത്യൻ മുൻ നായകൻ സ്വന്തം പേരിലാക്കിയത്. 2003-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ കുറിച്ച 673 റൺസ് എന്ന റെക്കോഡാണ് കോഹ്ലി മറികടന്നത്.മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിന്റെ 34-ാം ഓവറിലായിരുന്നു കോഹ്ലി ഈ നേട്ടം കുറിച്ചത്.
ഗ്ലെൻ ഫിലിപ്‌സ് എറിഞ്ഞ മൂന്നാം പന്തിൽ ബാക്ക്‌വേഡ് സ്‌ക്വയർ ലെഗ്ഗിലേക്ക് തട്ടിയിട്ട് സിംഗിൾ നേടിയാണ് കോഹ്ലി അപൂർവ നേട്ടത്തിലെത്തിയത്. 2003-ൽ സച്ചിൻ 11 മത്സരങ്ങളിൽ നിന്നാണ് 673 റൺസ് കുറിച്ചതെങ്കിൽ കോഹ്ലി ഇക്കുറി 10 മത്സരങ്ങളിൽ നിന്നാണ് അത് മറികടന്നത്. ഈ ലോകകപ്പിൽ കോഹ്ലി തകർപ്പൻ ഫോമിലാണ്. ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ നിന്ന് ആറ് അർധസെഞ്ചുറികളും രണ്ടു സെഞ്ചുറികളും നേടിയ കോഹ്ലിയാണ് ലോകകപ്പിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനും.