ചന്ദ്രയാൻ 3: വിക്ഷേപണ റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ പതിച്ചതായി ഇസ്രോ

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ ഭാഗങ്ങൾ ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തിയതായി ഐഎസ്ആർഒ. വടക്കൻ പസഫിക് സമുദ്രത്തിൽ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ പതിച്ചതായി ഇസ്രോ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങൾക്ക് ശേഷമാണിത്.

എൽവിഎം 3 എം4 വിക്ഷേപണ വാഹനത്തിന്റെ ക്രയോജനിക് അപ്പർ സ്റ്റേജ് പൂർത്തിയായതായി ഇസ്രോ പറയുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് 2.42നാണ് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ റോക്കറ്റിന്റെ ഭാഗം അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ഇന്ത്യയ്ക്ക് മുകളിലൂടെ കടന്നു പോയിട്ടില്ലെന്നും ഐഎസ്ആർഒ പറയുന്നു. ഇന്റർ-ഏജൻസി സ്പേസ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് ലോ എർത്ത് ഓർബിറ്റിൽ 25 വർഷം മാത്രമെ വിക്ഷേപണ വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടാവാൻ പാടുള്ളൂ.

ഈ നിയമം എൽവിഎം3 എം4 ക്രയോജനിക് അപ്പർ സ്റ്റേജ് തിരിച്ചിറങ്ങിയതിലൂടെ പാലിക്കപ്പെട്ടതായി ഇസ്രോ അറിയിച്ചു. ഐക്യരാഷ്ട്രസഭയും ഐഎഡിസിയും നിർദ്ദേശിച്ച ബഹിരാകാശ അവശിഷ്ട ലഘൂകരണ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അപ്രതീക്ഷിതമായ സ്‌ഫോടനങ്ങൾ മൂലമുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചന്ദ്രയാൻ-3 വിന്യസിച്ചതിന് ശേഷം എൽവിഎം3 എം4 അപ്പർ സ്റ്റേജിലെ പ്രൊപ്പല്ലന്റും ഊർജ്ജ സ്രോതസ്സുകളും നീക്കം ചെയ്യുന്നതിനുള്ള ‘പാസിവേഷൻ’ പ്രക്രിയ നടത്തിയിരുന്നുവെന്നും ഇസ്രോ വ്യക്തമാക്കി.