കൈയ്യിൽ കാശുണ്ടോ എങ്കിൽ പുത്തനൊരു ആഡംബര വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ ഒരുക്കിയിരിക്കുകയാണ് മുകേഷ് അംബാനി. നിരവധി പേരാണ് ആഡംബര വിവാഹങ്ങൾക്കായി ഈ വേദിയെ ആശ്രയിക്കുന്നത്. അംബാനിയുടെ ജിയോ വേൾഡ് ഗാർഡനാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മുംബൈയിലെയും, രാജ്യത്തെ വിവിധ ഇടങ്ങളിലെ ധനികർക്കിടയിലും വിവാഹങ്ങൾക്കായി തിരഞ്ഞെടുക്കാവുന്ന ഇടമായിട്ടാണ് ജിയോ ഗാർഡൻ മാറിയിരിക്കുന്നത്. അത്യാഡംബരങ്ങൾ നിറഞ്ഞതാണ് ഈ ഗാർഡൻ. ഇന്ത്യയിലെ ഒരു വിവാഹ ഡെസ്റ്റിനേഷനുകൾക്കും തരാൻ പറ്റാത്ത അത്ര മികവാണ് ജിയോ ഗാർഡൻ ഒരുക്കിയിരിക്കുന്നത്. മുംബൈയിൽ യുവാക്കൾക്കിടയിൽ ഈ ഡെസ്റ്റിനേഷൻ ചർച്ചയായി കഴിഞ്ഞു. അതേസമയം മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി ഇവിടെ വെച്ചാണ് ശ്ലോക മേത്തയെ വിവാഹം ചെയ്തത്. അത്യാഡംബര ചടങ്ങായിരുന്നു ഇത്. ഈ വർഷം മാർച്ച് ആറിനായിരുന്നു ജിയോ പ്ലാസയുടെ ഉദ്ഘാടനം. ധീരുഭായ് അംബാനി സ്‌ക്വയറിലുള്ള ഈ വിവാഹ വേദി നിത അംബാനിയാണ് ഉദ്ഘാടനം ചെയ്തത്.
ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് ഈ അത്യാഡംബര ജിയോ പ്ലാസയുള്ളത്. അഞ്ച് ലക്ഷം ചതുരശ്രയടിയിലായിട്ടാണ് ഇത് പരന്ന് കിടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ കൂടിയാണിത്. അതിലുപരി ആഡംബര മേഖലയായിട്ടാണ് ഇവ അറിയപ്പെടുന്നത്. ആവശ്യമായ എന്ത് കാര്യവും ഇവിടെ ലഭ്യമാവും.ജിയോ ഗാർഡനിൽ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററുണ്ട്. ഹോട്ടലുകൾ ഉണ്ട്. രണ്ട് മാളുകളുമുണ്ട്. ഇതിലൊന്ന് ആഡംബര മാളാണ്. ആർട്‌സ് തിയേറ്റർ, റൂഫ്‌ടോപ്പ് ഡ്രൈവ് ഇൻ മൂവി തിയേറ്റർ, കൊമേഴ്ഷ്യൽ ഓഫീസുകൾ എന്നിവയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജിയോ വേൾഡ് സെന്ററിലെ ഗാർഡൻ മൊത്തം വൈഫൈ ലഭ്യമാവും. ഇതേ ഗാർഡനിൽ വമ്പൻ പാർക്കിംഗ് കേന്ദ്രവുമുണ്ട്. അതിൽ രണ്ടായിരം കാറുകളും, എസ്‌യുവികളും ഒരേസമയം പാർക്ക് ചെയ്യാം.
ഇവിടെ ഒരു ദിവസത്തെ വാടകയായി നൽകേണ്ടത് 15 ലക്ഷം രൂപയാണ്. നികുതി ചേർക്കാതെയാണിത്. നികുതി അടക്കം തുക ഇനിയും വർധിക്കും. നോൺ ഇവന്റ് ഡേയിൽ ഇവിടെ സന്ദർശകരെയും അനുവദിക്കും. പത്ത് രൂപ നൽകിയാൽ ഇതിനുള്ളിൽ പര്യടനം നടത്താൻ സാധിക്കും.