ന്യൂസ് ക്ലിക്ക് കേസ്: നെവിൽ റോയ് സിങ്കത്തിന് ഹാജാരാകാൻ നോട്ടീസ് നൽകി ഇ ഡി

വാർത്താമാധ്യമമായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ വ്യവസായിയായ നെവിൽ റോയ് സിങ്കത്തിന് ഹാജാരാകാൻ നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). കഴിഞ്ഞ മാസമാണ് നെവിൽ റോയ്ക്ക് നോട്ടീസ് നൽകിയതെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയാണ് നെവിൽ റോയ്ക്ക് നോട്ടീസ് അയച്ചതെന്ന് അധികൃതർ അറിയിച്ചു. നെവിൽ റോയ്ക്ക് നോട്ടീസ് നൽകാനുള്ള സമാനശ്രമം കഴിഞ്ഞ വർഷം ചൈന തടഞ്ഞതായും അധികൃതർ അവകാശപ്പെട്ടു. ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തേയും ഹ്യൂമൻ റിസോഴ്സസ് തലവൻ അമിത് ചക്രവർത്തിയേയും ഡൽഹി പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.

വിദേശ ഫണ്ടിങ് നിയമലംഘനം ആരോപിച്ച് ഒക്ടോബർ ഏഴിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.സിബിഐയുടെ പ്രാഥമിക വിവര റിപ്പോർട്ടിൽ പുരകായസ്തയ്ക്കും ജേസൺ ഫെച്ചറിനുമൊപ്പം (വേൾഡ് വൈഡ് മീഡിയ ഹോൾഡിങ്സ്) നെവിൽ റോയിയും കുറ്റാരോപിതനാണ്.

എഫ് സി ആർ എ വ്യവസ്ഥകൾ ലംഘിച്ച് നാല് വിദേശ സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 28.46 കോടി രൂപ സ്വീകരിച്ചതായാണ് ആരോപണം. ന്യൂസ് ക്ലിക്കിലേക്കുള്ള നെവിൽ റോയിയുടെ ഫണ്ടിങ് ആദായ നികുതി വകുപ്പിന് പുറമെ ഡൽഹി പോലീസ്, സിബിഐ, ഇഡി, എന്നീ അന്വേഷണ ഏജൻസികളുടേയും പരിധിയിൽ വരുന്നു.സ്ഥാപനത്തിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ന്യൂസ് ക്ലിക്ക് നിഷേധിച്ചിരുന്നു.

ഏതെങ്കിലും ചൈനീസ് സ്ഥാപനത്തിന്റെ നിർദേശപ്രകാരം വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി. ന്യൂസ്‌ ക്ലിക്കിന് ലഭിച്ച എല്ലാ ധനസഹായവും കൃത്യമായ ബാങ്കിംഗ് അക്കൗണ്ടുകളിൽ നിന്ന് മാത്രമാണെന്നും പ്രസ്താവനയിൽ അവർ കൂട്ടിച്ചേർത്തു.