സുരേഷ് ​ഗോപിക്കെതിരായ കേസ്; കൂടൂതൽ വകുപ്പുകൾ ചുമത്തിയേക്കും, സാക്ഷികളിൽ നിന്ന് മൊഴിയെടുത്ത ശേഷം കുറ്റപത്രം സമർപ്പിക്കും

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സുരേഷ് ഗോപിക്കെതിരായ കേസിൽ, പൊലീസ് നിയമോപദേശം തേടും. കേസിലെ സാക്ഷികളിൽ നിന്ന് മൊഴിയെടുത്ത ശേഷം വൈകാതെ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് തീരുമാനം. മൂന്ന് മണിക്കൂർ നീണ്ട വിശദമായ മൊഴി എടുത്തിന് പിന്നാലെ സുരേഷ് ഗോപിക്കെതിരായ കേസിൽ നിയമോപദേശം തേടാനാണ് പൊലീസ് നീക്കം. നിലവിൽ 354 എ പ്രകാരമാണ് കേസ്. പുതിയ വകുപ്പുകൾ ചേർക്കുന്ന കാര്യം നിയമോപദേശത്തിന് ശേഷം തീരുമാനിക്കും. പരാതിക്കാരി ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കും.

നോട്ടീസ് നൽകി വിളിച്ചുവരുത്തിയ സുരേഷ് ഗോപിയുടെ വിശദമായ മൊഴിയാണ് നടക്കാവ് പൊലീസ് രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ ആരോപണങ്ങൾ എല്ലാം പൊലീസിനു മുമ്പാകെ സുരേഷ് ഗോപി നിഷേധിക്കുകയായിരുന്നു. തുടർന്ന് സുരേഷ് ഗോപിയെ നോട്ടീസ് നൽകി വിട്ടയച്ചു. ഏഴ് വർഷത്തിൽ താഴെ ശിക്ഷയുള്ള കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി നിർദ്ദേശമുണ്ട്.

ഇതുപ്രകാരമാണ് പൊതുപ്രവർത്തകനായ സുരേഷ് ഗോപിയെ നിബന്ധനകളോടെ വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കരുത് , സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ നിബന്ധനകളാണ് പൊലീസ് സുരേഷ് ഗോപിക്ക് നൽകിയത്. ഇത് ലംഘിച്ചാൽ ക്രിമിനൽ നടപടി ക്രമം 41 എയും 3, 4 ഉപ വകുപ്പുകൾ പ്രകാരവും നോട്ടീസ് ഇല്ലാതെ അറസ്റ്റ് ചെയ്യാമെന്നും സുരേഷ് ഗോപിക്ക് നൽകിയ നോട്ടീസിൽ പൊലീസ് വ്യക്തമാക്കി.