ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകുന്നു. പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ ആര്.എൻ.രവി സര്‍ക്കാരിന് തിരിച്ചയച്ചതോടെ ഗവർണർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി സ്റ്റാലിൻ. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനും തീരുമാനിച്ചു. ശനിയാഴ്ച നിയമസഭ ചേര്‍ന്ന് ബില്ലുകള്‍ വീണ്ടും പാസാക്കി ഗവര്‍ണര്‍ക്ക് അയയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
2020 മുതല്‍ നിയമസഭ പാസാക്കിയ 13 ബില്ലുകളിലാണ് ഗവര്‍ണറുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഈ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതിരുന്നതോടെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഗവര്‍ണര്‍മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പത്ത് ബില്ലുകള്‍ തിരിച്ചയച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി. ഇതില്‍ രണ്ടെണ്ണം നേരത്തേ എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയ ബില്ലുകളാണ്.