ബിജെപി വിട്ട് വിജയശാന്തി: ഇനി കോൺഗ്രസിനോടൊപ്പം, തെലങ്കാനയിൽ പുതിയ ഊർജ്ജം

ഹൈദാരാബാദ്:മുൻ എംപിയും നടിയുമായ വിജയശാന്തി ബി ജെ പിയിൽ നിന്നും രാജിവെച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ജി കിഷൻ റെഡ്ഡിക്ക് വിജയശാന്തി രാജിക്കത്ത് അയച്ചു. ബി ജെ പി പാളയം വിട്ട വിജയ ശാന്തി ഉടൻ തന്നെ കോൺഗ്രസിൽ ചേർന്നേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ച് വരികയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന ചടങ്ങിൽ അവർ ഔദ്യോഗികമായി കോൺഗ്രസിൽ ചേരുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. 1998ലാണ് തെന്നിന്ത്യയിലെ ജനപ്രിയ താരമായ വിജയ ശാന്തി ബി ജെ പിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. മഹിളാ മോർച്ചയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. തെലങ്കാന സംസ്ഥാന പ്രക്ഷോഭത്തിന്റെ സമയത്ത് അവർ ബി ജെ പി വിടകയും സ്വന്തം പാർട്ടി രൂപീകരിക്കുകയും ചെയ്തു.

പിന്നീട് ഈ പാർട്ടിയെ ടി ആർ എസിൽ ലയിപ്പിക്കുകയും കെ ചന്ദ്രശേഖര റാവുവിന്റെ പാർട്ടിയിലെ പ്രധാന നേതാക്കളിൽ ഒരാളായി മാറുകയും ചെയ്തു.2009ൽ മേദക് മണ്ഡലത്തിൽ നിന്ന് ടി ആർ എസ് സ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2014ൽ ടി ആർ എസിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന് മേദക് മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ താരപ്രചാരകയായിരുന്നു അവർ. എന്നാൽ, തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് ശേഷം പഴയ തട്ടകമായ ബി ജെ പിയിലേക്ക് മടങ്ങുകയായിരുന്നു. തെലങ്കാനയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കുന്ന ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പുള്ള വിജയശാന്തിയുടെ കൊഴിഞ്ഞു പോക്ക്. മുതിർന്ന നേതാക്കളായ കോമാട്ടിറെഡ്ഡി രാജഗോപാൽ റെഡ്ഡിക്കും വിവേകിനും പിന്നാലെയാണ് വിജയ ശാന്തിയും ബി ജെ പി വിടുന്നത്.

ഏറെ നാളായി ബി ജെ പി നേതൃത്വവുമായി കടുത്ത അഭിപ്രായ ഭിന്നതയിലാണ് മുൻ ജനപ്രിയ നടി. പ്രധാനമന്ത്രി മോദിയും അമിത് ഷായും കേന്ദ്രമന്ത്രിമാരും തെലങ്കാന സന്ദർശിച്ചിപ്പോഴും വേദിയിലൊന്നും വിജയശാന്തിയെ കാണാനില്ലായിരുന്നു. ഇതോടെ തന്നെ വിജയശാന്തി പാർട്ടിയിൽ നിന്നും അകലുമെന്ന് വ്യക്തമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാതായതോടെ പുറത്താകൽ ഉറപ്പിക്കുകയും ചെയ്തു.