അബ്ദുൽ ഹമീദിനെ മാറ്റും; റഷീദ് അലി തങ്ങൾ ജനറൽ സെക്രട്ടറി

കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി അബ്ദുൽ ഹമീദ് എംഎൽഎ തിരഞ്ഞെടുക്കപ്പെട്ടത് വിവാദമായതോടെ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാൻ തീരുമാനമായതായി സൂചന. പകരം റഷീദ് അലി തങ്ങളെ താത്കാലികമായി ചുമതലയേൽപിക്കുമെന്നണ് വിവരം. മുൻ വാഖഫ് ബോർഡ് ചെയർമാൻ കൂടിയായ റഷീദ് അലി തങ്ങൾ നിലവിൽ ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് ആണ്.

നേരത്തെ കേരള ബാങ്കിൽ യുഡിഎഫിന് 5 ഡയറക്ടർ ബോർഡ് അംഗത്വം ഓഫർ ചെയ്തിരുന്നെങ്കിലും കേരള ബാങ്കിനോട് തത്വത്തിൽ യോജിപ്പില്ലാത്തതിനാൽ വേണ്ടെന്ന് വക്കുകയായിരുന്നു. കേരള ബാങ്കിൽ ഡയറക്ടർ ബോർഡ് അഗത്വം നൽകിയ സിപിഎം – സർകാർ നോമിനേഷൻ മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയിൽ ചർച്ച ചെയ്തിരുന്നില്ല. ഡയറക്ടർ ബോർഡ് യോഗത്തിൽ അബ്ദുൽ ഹമീദ് എംഎൽഎ പങ്കെടുത്തതോടെ ലീഗ് പ്രവർത്തക സമിതി അംഗങ്ങൾ പ്രത്യേകം- പ്രത്യേകമായി സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ നേരിട്ട് വിളിച്ചു പ്രതിഷേധം അറിയിച്ചു. തുടർന്നാണ് ജില്ല ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാനുള്ള കടുത്ത നടപടിയിലേക്ക് കടന്നത്. പാർട്ടി തലത്തിൽ വ്യാപക എതിർപ്പുളവുകയും കോൺഗ്രസ് ജില്ലാ നേതാക്കൾ ശക്തമായി രംഗത്ത് വന്നതും മുസ്ലിം ലീഗ് ഗൗരവമായി കണ്ടിട്ടുണ്ട്.

ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം പകരം മറ്റാർക്കു ചുമതല നൽകിയാലും തർകമുണ്ടവും എന്ന് മുന്നിൽക്കണ്ടാണ് പാണക്കാട്ട് നിന്നൊരാൾക്ക് ചുമതല നൽകാനുള്ള തീരുമാനം. വിദേശത്ത് നിന്ന് റഷീദലി തങ്ങൾ എത്തിയാലുടൻ ചുമതല ഏറ്റെടുക്കുമെന്ന് കേൾക്കുന്നു. അബ്ബാസലി തങ്ങളാണ് ജില്ലാ പ്രസിഡന്റ്.

അതിനിടെ പി അബ്ദുൽ ഹമീദ് മാസ്റ്റർക്കെതിരെ മലപ്പുറത്ത് വ്യപകമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടതും നടപടിയിലേക്ക് കടക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. ‘ പാർട്ടിയെയും പാർട്ടി അണികളെയും വഞ്ചിച്ച യൂദാസ്’ എന്നാണ് ഹമീദ് മാസ്റ്ററെ പോസ്റ്ററിൽ ആക്ഷേപിച്ചിരിക്കുന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ ആവശ്യം ഉയർന്നിട്ടുണ്ട്.

പാർട്ടിയിലെ പ്രമുഖന്റെ അറിവും സമ്മതത്തോടെയുമാണ് അബ്ദുൽ ഹമീദ് മാസ്റ്റർ കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം ഏറ്റെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ പ്രതിഷേധം കനത്തതോടെ ജനറൽ സെക്രടറി സ്ഥാനം ഒഴിയാനും ഇദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.