നാണയം ഉപയോ​ഗിച്ച് മാജിക്, കുട്ടികൾക്കൊപ്പം തമാശയും കളിചിരികളുമായി പ്രധാനമന്ത്രി; വൈറൽ വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് കുട്ടികൾക്കൊപ്പം സമയം ചെലവിടുന്നതാണ് വീഡിയോയിൽ ഉള്ളത്. കുട്ടികളുടെ തല തമാശയായി തമ്മിൽ മെല്ലെ ചേർത്ത് വെയ്ക്കുന്നതും കുട്ടികൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് അദ്ദേഹം അവരെ ഒരു നാണയം ഉപയോഗിച്ച് ഒരു തന്ത്രം പഠിപ്പിക്കുന്നതും കാണം. തന്റെ നെറ്റിയിൽ ഒരു നാണയം വയ്ക്കുകയും തുടർന്ന് തലയുടെ പിൻഭാഗത്ത് തട്ടിക്കൊണ്ട് പുറത്തേക്ക് തള്ളുന്നതും കാണാം. ശേഷം കുട്ടികളോടും അദ്ദേഹം ചെയ്യാൻ പറയുന്നു. മോദിജി കുട്ടികൾക്കൊപ്പം കുട്ടിയാവുന്നു എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ ബി ജെ പി വീഡിയോ പങ്കിട്ടത്.

അടുത്തിടെ, ജൂലൈയിൽ, ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി മോദി കുട്ടികളുമായി സജീവമായി സംവദിക്കുന്ന വീഡിയോയും ചർച്ചയായിരുന്നു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഖില ഭാരതീയ ശിക്ഷാ സമാഗമത്തിന്റെ ആശയവിനിമയത്തിനിടെയാണ് പ്രധാനമന്ത്രി കുട്ടികളോട് സംവദിച്ചത്. കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും അവർ വിവിധ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പ്രധാനമന്ത്രി അത് നോക്കിനിൽക്കുന്നതും കാണാം. “നിഷ്ക്കളങ്കരായ കുട്ടികൾക്കൊപ്പം ചില സന്തോഷ നിമിഷങ്ങൾ! അവരുടെ ഊർജ്ജവും ഉത്സാഹവും മനസ്സിൽ ആവേശം നിറയ്ക്കുന്നു,” മോദി ‌വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.