ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗവർണർ- സർക്കാർ പോരിൽ തമിഴ്നാട് സർക്കാരിന് ആദ്യജയം. സർക്കാർ നൽകിയ കേസിൽ സുപ്രീംകോടതി കടുപ്പിച്ചതോടെ ഗവർണർ ആർ. എൻ. രവി അടിയറവ് പറഞ്ഞു. ഏറെക്കാലമായി അടയിരുന്ന പത്ത് ബില്ലുകൾ സംസ്ഥാന നിയമസഭ വീണ്ടും പരിഗണിക്കാനായി ഗവർണർ തിരിച്ചയച്ചു. നിയമസഭ ഈ ബില്ലുകൾ രണ്ടാം വട്ടവും പരിഗണിച്ച് ഭേദഗതികളോടെയോ അല്ലാതെയോ രാജ്ഭവനിലേക്ക് അയയ്ക്കുന്നതോടെ ഗവർണർ ഒപ്പിട്ടേ പറ്റൂ. ഇതാണ് ഭരണഘടനയിൽ പറയുന്നത്. രണ്ടാമത് അയയ്ക്കുന്നത് തടയാനാണ് ഗവർണർമാർ ബില്ലുകൾ തിരിച്ചയയ്ക്കാതെ തടഞ്ഞുവയ്ക്കുന്നത്. 2020ൽ പാസാക്കിയ 2 ബില്ലുകളടക്കമാണ് ഗവർണർ തിരിച്ചയച്ചത്. തമിഴ്നാട് സർക്കാർ നൽകിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഗവർണറുടെ നിർണായക നടപടി. ഗവർണർ ബില്ലുകളിൽ അനിശ്ചിതമായി അടയിരിക്കുന്നതിനെതിരായ തമിഴ്നാട് സർക്കാരിന്റെ ഹർജിയിൽ കഴിഞ്ഞയാഴ്ച സുപ്രീംകോടതി കടുത്ത വിമർശനമുന്നയിച്ചിരുന്നു.
ഗവർണർ തിരിച്ചയച്ച 10 ബില്ലുകൾ ഒരു മാറ്റവും ഇല്ലാതെ വീണ്ടും പാസാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. ഇതിനായി സ്പീക്കർ എം. അപ്പാവു 18ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു. നിയമസഭ വീണ്ടും പാസാക്കി അയയ്‌ക്കുന്നതോടെ ബില്ലുകളിൽ ഒപ്പിടാൻ ഭരണഘടനാപരമായി ഗവർണർ ബാദ്ധ്യസ്ഥനാണ്. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ നൽകിയ പരാതി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്നാട് ഗവർണർ ഭരണഘടനയ്ക്കും സുപ്രീംകോടതിക്കും വഴങ്ങി ബില്ലുകൾ തിരിച്ചയച്ചിരിക്കുന്നത്. കേരളത്തിൽ നിയമസഭ പാസാക്കിയ 8 ബില്ലുകൾ ഒപ്പിടാത്തതിനെതിരെയാണ് കേരളം സുപ്രീംകോടതിയിലെത്തിയത്. ഇവയ്ക്ക് പുറമേ 7 ബില്ലുകളിലും 2 ഓർഡിനൻസുകളിലും കൂടി ഗവർണർ ഒപ്പിടാനുണ്ട്. കേസ് പരിഗണിക്കാനിരിക്കെ, കാലിത്തീറ്റ- കോഴിത്തീറ്റ എന്നിവയിൽ മായം ചേർക്കുന്നത് തടയാനുള്ള ബില്ലിൽ ഗവർണർ കഴിഞ്ഞദിവസം ഒപ്പിട്ടു. പി.എസ്.സി അംഗമായി 2പ്രമുഖരെ നിയമിക്കാനും മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാറിനെ നിയമിക്കാനുമുള്ള ശുപാർശകളും ഗവർണർ തടഞ്ഞുവച്ചിരിക്കുകയാണ്.
2020 – 2023 കാലയളവിൽ തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളാണ് ഗവർണർ തിരിച്ചയച്ചത്. ഇവ ഉൾപ്പെടെ സുപ്രധാനമായ പന്ത്രണ്ട് ബില്ലുകളും മറ്റ് ഫയലുകളുമാണ് ഗവർണർ ആർ. എൻ രവി പിടിച്ചു വച്ചത്.മുഖ്യമന്ത്രി എം. കെ സ്റ്റാലിന്റെ ഡി. എം. കെ സർക്കാരുമായി ഉടക്കി നിൽക്കുന്ന ഗവർണർ മൂന്നാം തവണയാണ് ഇത്തരത്തിൽ ബില്ലുകൾ നിയമസഭയ്‌ക്ക് തിരിച്ചയയ്‌ക്കുന്നത്. ഗവർണറുടെ നടപടി സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കുന്നതായി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢിന്റെ മൂന്നംഗ ബെഞ്ച് വിമർശിച്ചിരുന്നു. ഭരണഘടനയുടെ അനുഛേദം 200 പ്രകാരം ബില്ലുകളിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി ഓർമ്മിപ്പിക്കുകയും ചെയ്‌തിരുന്നു. കേസ് ഈ മാസം 20ന് പരിഗണിക്കുമ്പോൾ അറ്റോർണി ജനറലോ സോളിസിറ്റർ ജനറലോ ഹാജരായി വിശദീകരണം നൽകാൻ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.