ഇന്ത്യ – ഓസ്ട്രേലിയ കലാശപ്പോര് ഇന്ന്; മൽസരം ഉച്ചക്ക് 2 മണിക്ക് അഹമ്മദാബാദിൽ

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് ആരുയർത്തും എന്നറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. കലാശപ്പോരിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോൾ ആവേശം അതിന്റെ പാരമ്യത്തിലാണ്. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച് ഫൈനലിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ട ശേഷം 8 തുടര്‍ വിജയങ്ങളുമായി ഫൈനലിലെത്തിയ ഓസ്‌ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടുന്നത്.

ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന മത്സരം കാണാൻ അഹമ്മദാബാദ് സ്റ്റേഡിയത്തിലേക്ക് ഇതിനോടകം തന്നെ ആരാധകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഫൈനലിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. മത്സരം കാണാൻ പോകുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ സർവ്വീസ് പ്രഖാപിച്ചത്. ദൽഹിയിലും മുംബൈയിലും നിന്നുമാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്.

ലോകകപ്പ് ഫൈനലില്‍ ടോസ് നിര്‍ണായകമല്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. പിച്ച് പരിശോധിച്ചപ്പോൾ കുറച്ച് സ്ലോ ആണ്. അതിനാല്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണോ എന്ന് പരിശോധിക്കും. ഓസ്‌ട്രേലിയക്ക് ലോകകപ്പ് ഫൈനലിലുള്ള പരിചയം കാര്യമാക്കുന്നില്ലെന്നും ഏത് സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ഓസ്‌ട്രേലിയ ശക്തരാണ്. ബാറ്റര്‍മാരും ബൗളര്‍മാരും നല്ല പ്രകടനം നടത്തുന്നു. ബാലന്‍സ്ഡ് ആയ ടീമാണ് ഓസ്‌ട്രേലിയ. ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസമുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു.