നടി തൃഷയ്ക്കെതിരായ പരാമർശം: മൻസൂർ അലി ഖാനെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

ന്യൂഡൽഹി∙ നടി തൃഷയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശത്തിൽ, സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു).

ഐപിസി സെക്‌ഷൻ 509 ബി പ്രകാരവും മറ്റു പ്രസക്തമായ വകുപ്പുകളും പ്രകാരം നടനെതിരെ നടപടി സ്വീകരിക്കാൻ ചെന്നൈ ഡിജിപിയോട് നിർദേശിച്ചതായും കമ്മിഷൻ അറിയിച്ചു. എൻസിഡബ്ല്യു ചെയർപഴ്സൻ രേഖ ശർമ, വനിതാ ശിശു വികസന മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം, ചെന്നൈ പൊലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെയാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.

മൻസൂർ അലി ഖാൻ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നതായും കമ്മിഷൻ വ്യക്തമാക്കി.നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ തൃഷയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് കമ്മിഷന്റെ നടപടി. വിഷയം വനിതാ കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും നടപടി എടുക്കുമെന്നും ഖുഷ്ബു പറഞ്ഞിരുന്നു.