Breaking
18 Sep 2024, Wed

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള അഭിമുഖം ഇന്ന് ഡൽഹിയിൽ നടക്കും

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള അഭിമുഖം ഇന്ന് ഡൽഹിയിൽ നടക്കും. രാഹുൽ മാങ്കൂട്ടത്തിൽ,അബിൻ വർക്കി,അരിതാ ബാബു എന്നിവർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് ഡൽഹി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്കാണ് അഭിമുഖം. ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിൻറെ അധ്യക്ഷതയിലാണ് അഭിമുഖം നടത്തുന്നത്.

തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി മുന്നിലെത്തിയ മൂന്നുപേരാണ് അഭിമുഖത്തിനെത്തുന്നത്.അതേസമയം, കേരളത്തിലെ യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ സംഘടനയ്ക്കുള്ളിൽ പരാതി നൽകിയവരെ കണ്ടെത്താനൊരുങ്ങുകയാണ് പൊലീസ്.

ഇവരെ കണ്ടെത്തി മൊഴിയെടുത്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മൊഴികൾക്ക് പുറമെ പരമാവധി ശാസ്ത്രീയമായ തെളിവുകൾ കൂടി കണ്ടെത്താനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേടിൽ പ്രധാന നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി ദേശീയ കോഓഡിനേറ്റർ ഷഹബാസ് വടേരി രംഗത്തെത്തി. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വേളയിലാണ് ഗൂഢാലോചന നടന്നത്.

കർണാടക ബന്ധമുള്ളവർ മുഖേനയാണ് വ്യാജ ഐഡികാർഡുണ്ടാക്കുന്ന ആപ്പ് നിർമിച്ചത്. ഇതുൾപ്പെടുത്തി കെ.പി.സി.സി അധ്യക്ഷന് പരാതി നൽകിയെന്ന് ഷഹബാസ് മീഡിയവണിനോട് പറഞ്ഞു. കോഴിക്കോട് ക്രമക്കേട് നടത്തിയവരെക്കുറിച്ച് കോഴിക്കോട് സിറ്റി പൊലീസിൽ പരാതി നൽകുമെന്നും ഷഹബാസ് പറഞ്ഞു.