മലപ്പുറത്ത് അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു; മജിസ്രേട്ടിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് സമരം

തിരൂർ കോടതിയിൽ അഭിഭാഷകരും കോടതിയും തമ്മിലുള്ള തർക്കത്തിൽ അഭിഭാഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് മലപ്പുറത്ത് അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നു. കഴിഞ്ഞ ദിവസം തിരൂരിൽ കോടതി നടപടിക്രമങ്ങൾ പാലിച്ചും കീഴ് വഴക്കങ്ങൾ മാനിച്ചും കേസ് വാദം നടന്നുകൊണ്ടിരിക്കെ അഭിഭാഷകനിൽ നിന്നുണ്ടായ സ്വാഭാവിക പ്രതികരണത്തിന് നേരെ കടുത്ത അസഹിഷ്ണുത പ്രകടിപിച്ച കോടതിയുടെ സമീപനം നീതികരിക്കാനാവില്ലന്ന് അഭിഭാഷകർ പറഞ്ഞു.

നിയമ നടപടി ക്രമങ്ങൾ ലംഘിച്ചവനെന്ന് അഭിഭാഷകനെ മുദ്രകുത്തുന്ന നീതിപീഠത്തിന്റെ സമീപനം പൊറുക്കാനാവില്ലന്നും ശക്തമായ ജനാധിപത്യ പ്രതിഷേധമുണ്ടാകുമെന്നും ബാർ അസോസിയേഷൻ നേതാക്കൾ പറഞ്ഞു. തിരൂരിലെ സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പെരിന്തൽമണ്ണ, മഞ്ചേരി തുടങ്ങി ജില്ലയിൽ പലയിടങ്ങളിലും കോടതി നടപടികൾ ബഹിഷ്‌കരിക്കുക്കുകയാണെന്നും അഭിഭാഷകർ അറിയിച്ചു.

ബാർ അസോസിയേഷൻ പ്രസിഡന്റ് വനജ വള്ളിയിൽ, സെക്രട്ടറി മുഹമ്മദ് ഹനീഫ, അംഗങ്ങളായ വാസുദേവൻ, ദാവൂദ്, കെ.കെ. സുനിൽകുമാർ, ഹാരിഫ്, കുഞ്ഞാലിക്കുട്ടി കടക്കുളത്ത്, പി.വി. റാഷിദ്, ടി.ടി. കുഞ്ഞഹമ്മദ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കോടതി ബഹിഷ്കരണ സമരം സൂചന മാത്രമാണന്നും നേതാക്കൾ വ്യക്തമാക്കി.