‘ആരാണ് പൗര പ്രമുഖൻ? പൗര പ്രമുഖൻ ആകാനുള്ള യോഗ്യതയെന്ത്?’ വിവരാവകാശ ചോദ്യത്തിന് ചീഫ് സെക്രട്ടറിയുടെ മറുപടി എന്താകും?

മുഖ്യമന്ത്രിയടങ്ങുന്ന മന്ത്രിസംഗം നവകേരള സദസിൽ പൗര പ്രമുഖരുമായി മാത്രം നേരിട്ട് കൂടിക്കാഴ്ചയും ആശയവിനിമയവും പ്രശ്ന പരിഹാരവും ചർച്ച ചെയ്യുമ്പോൾ ആരാണ് പൗര പ്രമുഖൻ എന്ന ചോദ്യം ഉയരുകയാണ്.

1 . പൗര പ്രമുഖൻ ആകാനുള്ള യോഗ്യതയെന്ത്?,

2, എവിടെ അപേക്ഷിക്കണം?’

എന്നിങ്ങനെ വേറിട്ട വിവരാവകാശ അപേക്ഷയുമായി ഒരു പഞ്ചായത്ത് മെമ്പർ. ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കാണ് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തംഗം അപേക്ഷ അയച്ചത്.

അടുത്ത കാലത്താണ് പൗരപ്രമുഖർ – എന്ന വാക്ക് മലയാളികൾ പതിവായി കേൾക്കാൻ തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പല പരിപാടികളിലും മലയാളികൾ കേൾക്കാറുള്ള വാക്കാണ് പൗരപ്രമുഖൻ. ‘പൗര പ്രമുഖ’ന്മാർക്ക് വലിയ പരിഗണനകൾ ഓരോയിടങ്ങളിലും കിട്ടാറുമുണ്ട്. എന്നാൽ എന്താണ് പൗര പ്രമുഖൻ ആകാനുള്ള മാനദണ്ഡവും യോഗ്യതയും എന്നറിയാൻ വിവരാവകാശ അപേക്ഷ നൽകിയിരിക്കുകയാണ് ഒരു വാർഡ് മെമ്പർ.

കുമ്മിൾ ഷമീറിന്റെ വിവരാവകാശ ചോദ്യം

കൊല്ലം ജില്ലയിലെ കുമ്മിൾ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പറായ ഷമീറാണ് വേറിട്ട വിവരാവകാശ അപേക്ഷയ്ക്ക് പിന്നിൽ. ‘വോട്ടവകാശമുള്ള ഇന്ത്യയിലെ ഒരു പൗരൻ കേരളത്തിൽ ജീവിക്കുമ്പോൾ പൗര പ്രമുഖൻ ആകുന്നതിന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്?, പൗര പ്രമുഖൻ ആകുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡം വ്യക്തമാക്കുക’- എന്നാണ് അപേക്ഷയിലെ ചോദ്യം. ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കാണ് വിവരാവകാശ നിയമം-2005 പ്രകാരം അപേക്ഷ അയച്ചിരിക്കുന്നത്. ഈ മാസം 18 നാണ് വിവരാവകാശ നിയമപ്രകാരം ചോദ്യം ചോദിച്ചുള്ള കത്ത് അയച്ചിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയായ കുമ്മിൾ ഷമീർ, പഞ്ചായത്തിലെ 6 വാർഡിൽ നിന്നുള്ള കോൺഗ്രസ് മെമ്പറാണ്. ഷമീറിന്റെ ചോദ്യങ്ങൾക്ക് ചീഫ് സെക്രട്ടറിയുടെ ഓഫീസ് എന്തായിരിക്കും മറുപടി നൽകുക എന്നറിയാനുള്ള ആകാംഷയിലാണ് ഷമീറും ഒപ്പം സമാഹമാധ്യമങ്ങളും.