‘മുഖ്യമന്ത്രി ഇത് രാജഭരണമാണെന്നാണ് കരുതുന്നത്’; പിണറായി നടത്തുന്നത് കലാപാഹ്വാനം – വി ഡി സതീശൻ

തിരുവനന്തപുരം: കണ്ണൂരിലെ നവ കേരള സദസിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് പറഞ്ഞ സംഭവത്തെപ്പറ്റി പൊലീസ് എഫ് ഐ ആറിൽ പറയുന്നത് എന്താണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. വധശ്രമം എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. പിണറായി ക്രിമിനൽ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മനസ് ക്രൂരവും നികൃഷ്ടമാണെന്നും വി ഡി സതീശൻ വിമർശിച്ചു. കരിങ്കൊടി പ്രതിഷേധത്തിൽ എഫ്ഐആ‍ർ ഇട്ട നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകും. തമാശ മുഖ്യമന്ത്രി മന്ത്രിസഭയിൽ പറഞ്ഞാൽ മതിയെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ഇത് രാജഭരണമാണെന്നാണ് കരുതുന്നത്. കലാപാഹ്വാനമാണ് മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രി കസേരയിൽനിന്ന് പിണറായി വിജയൻ ഇറങ്ങിപോകണം. സംസ്ഥാനം ആരാണ് ഇപ്പോൾ ഭരിക്കുന്നത്. മന്ത്രിമാർക്ക് യാതൊരു റോളുമില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

അതേസമയം വ്യാജ വോട്ടർ ഐഡി കാർഡ് വിഷയത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകട്ടെ, പാർട്ടി ഒരു സഹായവും ഒരുക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. വേറെ പല അറസ്റ്റും നാട്ടിൽ നടക്കുന്നുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.