ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു

മധ്യപ്രദേശ്: ന്യൂമോണിയ മാറ്റാനെന്ന പേരില്‍ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ ഇരുമ്പ ദണ്ഡ് പഴുപ്പിച്ച് 40 തവണയിലധികം പൊള്ളിച്ചു. ഗ്രാമത്തിലെ പ്രസവശുശ്രൂഷ നടത്തുന്ന സ്ത്രീയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. ഇവരെയും കുട്ടിയുടെ മാതാവ് ബെല്‍വതി ബൈഗ, മുത്തച്ഛന്‍ രജനി ബൈഗ, എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും നാല്‍പ്പതിലധികം പാടുകള്‍ കണ്ടെത്തി. ഒന്നരമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് പൊള്ളിച്ചത്. നവംബര്‍ നാലിന് മധ്യപ്രദേശിലെ ഷാഹ്ദോളിലാണ് സംഭവം.

കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് പ്രസവശുശ്രൂഷയ്ക്കായി സ്ത്രീ വീട്ടിലെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അസുഖം മാറ്റാനായി ഇരുമ്പുദണ്ഡ് ചൂടാക്കി കുത്തുകയായിരുന്നു. കുട്ടിയുടെ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രൂപീകരിച്ചിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പാണ്ഡെ പറഞ്ഞു.