രജൗരിയിൽ വീണ്ടും ഏറ്റുമുട്ടൽ; 2 ഭീകരരെ സൈന്യം വളഞ്ഞു

ജമ്മു: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് വിവരം. ജില്ലയിലെ ബാജിമാൽ മേഖലയിൽ സൈന്യത്തിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത സേന നടത്തിയ തിരച്ചിലിന് ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച രജൗരിയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു. ബുധാലിലെ ഗുല്ലർ-ബെഹ്റോട്ട് പ്രദേശത്താണ് സംഭവം.

സൈന്യത്തിന്റെയും പോലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സംശയാസ്പദമായ ചില നീക്കങ്ങൾ നടന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു.

നേരത്തെ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു.

കുൽഗാം ജില്ലയിൽ നടക്കുന്ന ഭീകരവിരുദ്ധ ഓപ്പറേഷന്റെ രണ്ടാം ദിവസമായ ഇന്നാണ് അഞ്ച് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചത്. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.