‘രമേശ് ചെന്നിത്തല കേരളത്തിൻറെ മുഖ്യമന്ത്രിയാകും’; എം.കെ രാഘവൻ എം.പി

രമേശ് ചെന്നിത്തല കേരളത്തിൻറെ മുഖ്യമന്ത്രിയാകുമെന്ന് കോഴിക്കോട് എം.പി എം.കെ രാഘവൻ. ചെന്നിത്തലക്കൊപ്പം ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച പലരും മുഖ്യമന്ത്രിമാരായിട്ടുണ്ട്. ചിലർക്ക് സ്ഥാനം കിട്ടിയാൽ തലക്കനം ഉണ്ടാകും. രമേശ് ചെന്നിത്തല അത്തരക്കാരനല്ല. എല്ലാവർക്കും എപ്പോഴും ബന്ധപ്പെടാവുന്ന വ്യക്തിയാണ് അദ്ദേഹമെന്നും എം.കെ രാഘവൻ പറഞ്ഞു.

ദേശീയ- സംസ്ഥാന രാഷ്ട്രീയത്തിൽ നിരവധി പദവികൾ വഹിച്ചിട്ടും എളിമയും വിനയവും കൈവിടാത്ത നേതാവ് അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ സമകാലികരായ പലരും മുഖ്യമന്ത്രി പദത്തിലെത്തി. രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് അതാണ് ലഭിക്കാനുള്ള പദവി. അതിന് അദ്ദേഹത്തിന് അതിനുള്ള തലവര ഉണ്ടെന്നാണ് വിശ്വാസം. ബംഗാളിൽ മമത ബാനർജിയും, തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവും മുഖ്യമന്ത്രിയായി. ആ സ്ഥാനത്തേക്കാണ് അദ്ദേഹം എത്തിപ്പെടേണ്ടത്. അതിന് നല്ല സാധ്യതയുണ്ട്. എപ്പോഴാണെന്ന് പറയാനാകില്ല. എന്നെങ്കിലും ആവുമെന്നും എംകെ രാഘവൻ പ്രതീക്ഷ പ്രകടിപ്പിച്ചു. വ്യക്തിബന്ധം നഷ്ടപ്പെടുത്താത്ത നേതാവായ അദ്ദേഹം പാർട്ടിയോടുള്ള കൂറ് എല്ലാക്കാലത്തും ബോധ്യപ്പെടുത്തി. അത്തരത്തിൽ കോൺഗ്രസ് നേതാക്കളിൽ അഗ്രിമസ്ഥാനം അദ്ദേഹത്തിനാണ്.

രമേശ് ചെന്നിത്തല വിവാദമുണ്ടാക്കാറില്ല. പാർട്ടി തീരുമാനത്തിനൊപ്പം നിന്ന മഹിത പരമ്പര്യമാണ് അദ്ദേഹത്തിന്. സ്ഥാനങ്ങളുടെ മഹത്വം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചു. മറ്റ് സംസ്ഥാനത്തെ നേതാക്കളുമായി വ്യക്തിബന്ധമുള്ള ഏക വ്യക്തി. സ്ഥാനം കിട്ടിയാൽ തലക്കനമില്ല. ഡൗൺ റ്റു എർത്ത് നേതാവാണ് രമേശ് ചെന്നിത്തലയെന്നും എം.കെ. രാഘവൻ പറഞ്ഞു.