Breaking
18 Sep 2024, Wed

നവകേരള സദസ്സിനുള്ള ഫണ്ട്; യു.ഡി.എഫ്. ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ നിയമനടപടികളിലേക്ക്

കോഴിക്കോട്: നവകേരളസദസ്സ് നടത്തിപ്പിന് തുക അനുവദിക്കാനുള്ള സർക്കാർ ഉത്തരവ് കോടതി കയറുന്നു. ഉത്തരവു പ്രകാരം തനതുഫണ്ടിൽ നിന്ന് പണം നൽകിയാൽ സെക്രട്ടറിമാർക്കെതിരേ കോടതിയെ സമീപിക്കാൻ യു.ഡി.എഫ്. ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ തീരുമാനിച്ചതോടെയാണ് നിയമനടപടികൾക്ക് സാഹചര്യമൊരുങ്ങുന്നത്. പഞ്ചായത്തീരാജ് നിയമത്തെ മറികടന്നുള്ള ഉത്തരവിനെയും കോടതിയിൽ ചോദ്യംചെയ്യാനാണ് യു.ഡി.എഫ്. ഭരണസമിതികളുടെ തീരുമാനം.

കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയാണ് നിയമനടപടി സ്വീകരിക്കാൻ ആദ്യം തീരുമാനിച്ചവയിലൊന്ന്. ഇതിന്റെ ചുവടുപിടിച്ച് യു.ഡി.എഫ്. സാരഥ്യത്തിലുള്ള മറ്റു തദ്ദേശസ്ഥാപനങ്ങളും സമാനമായ തീരുമാനമെടുത്തുകൊണ്ടിരിക്കുകയാണ്. നവകേരളസദസ്സിന് സർക്കാർ ആവശ്യപ്പെട്ട തുക നൽകേണ്ടതില്ലെന്ന് യു.ഡി.എഫ്. സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നു. ഇതു പ്രകാരമാണ് പഞ്ചായത്ത് ഭരണസമിതികൾ യോഗം ചേർന്ന് തുക നൽകേണ്ടെന്ന് തീരുമാനിച്ചത്.

സർക്കാർ ഉത്തരവു പ്രകാരം തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റിനും സെക്രട്ടറിക്കും തുക അനുവദിക്കാൻ അനുമതിയുണ്ട്. ഇത് പഞ്ചായത്തീരാജ് നിയമത്തിനു വിരുദ്ധമാണ്.

ഭരണസമിതി ഉത്തരവ് നടപ്പിലാക്കാനുള്ള ചുമതല മാത്രമാണ് ചട്ടപ്രകാരം സെക്രട്ടറിക്കുള്ളത്. ഇതിനുപകരം ഭരണസമിതിയെ മറികടന്ന് ഫണ്ട് അനുവദിക്കാനാണ് ഉത്തരവ് അവസരം നൽകുന്നത്. സർക്കാർ തലത്തിലുള്ള സമ്മർദവും സെക്രട്ടറിമാർക്കുണ്ട്. ഇങ്ങനെ ഫണ്ട് അനുവദിക്കുന്ന സെക്രട്ടറിമാർക്കെതിരേയാണ് യു.ഡി.എഫ്. ഭരണസമിതികൾ കോടതിയെ സമീപിക്കുന്നത്. ഇരുഭാഗത്തെയും സമ്മർദം കാരണം സെക്രട്ടറിമാരും ത്രിശങ്കുവിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ട് ഉത്തരവിലൂടെ ഈടാക്കാൻ സർക്കാരിന് അധികാരമില്ലെന്ന വാദമാണ് യു.ഡി.എഫ്. സമിതികളുടേത്.

പഞ്ചായത്തീരാജ് നിയമപ്രകാരം ഭരണസമിതിക്ക് സ്വീകാര്യമാണെങ്കിൽ തുക അനുവദിക്കുന്ന യഥേഷ്ടാനുമതി മാത്രമാണ് നൽകാനാവുക. അതിനുവിരുദ്ധമായാണ് ഇപ്പോഴത്തെ ഉത്തരവ്. സെക്രട്ടറി തുക അനുവദിച്ചാലും ധനകാര്യസ്ഥിരംസമിതി അംഗീകാരം നൽകിയില്ലെങ്കിൽ തുക കൈമാറാനാവില്ല. ഇതും തദ്ദേശസ്ഥാപനങ്ങളിൽ തർക്കത്തിനിടയാക്കും.