100 കോടിയുടെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; നടൻ പ്രകാശ് രാജിന് ഇഡി നോട്ടീസ്

ജ്വല്ലറി തട്ടിപ്പ് കേസിൽ നടൻ പ്രകാശ് രാജിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തമിഴ്‌നാട്ടിലെ പ്രണവ് ജ്വല്ലറിയുമായി ബന്ധപ്പെട്ടുള്ള നിക്ഷേപ തട്ടിപ്പിലാണ് പ്രകാശ് രാജിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്. ഇക്കാരണത്താലാണ് ചോദ്യം ചെയ്യലിന് പ്രകാശ് രാജിനെ വിളിപ്പിച്ചത്.

അടുത്തയാഴ്ച ചെന്നൈയിലെ ഇഡി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലറി നിക്ഷേപകരിൽ നിന്ന് നൂറ് കോടി രൂപ സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കഴിഞ്ഞ 20 -ാം തിയതി പ്രണവ് ജ്വല്ലറിയുടെ ശാഖകളിൽ ഇഡി വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.

വിവിധ ശാഖകളിൽ നിന്ന് കണക്കിൽപ്പെടാത്ത 24 ലക്ഷത്തോളം രൂപയും 11.60 കിലോ സ്വർണാഭരണങ്ങളും വിവിധ രേഖകളും ഇഡി പിടിച്ചെടുത്തതായാണ് വിവരം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജ്വല്ലറിക്ക് ശാഖകളുണ്ട്.

നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് പഴയ നിക്ഷേപകർക്ക് ലാഭവിഹിതം നൽകുന്ന പോൺസി സ്‌കീമിലൂടെ നൂറ് കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്നാണ് പ്രണവ് ജ്വല്ലറിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. ഇതിനിടെ കഴിഞ്ഞ ഒക്ടോബറിൽ ജ്വല്ലറികൾ അടച്ചുപൂട്ടിയിരുന്നു. തുടർന്ന് തമിഴ്‌നാട് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉടമ ജ്വല്ലറി ഉടമ മദനെതിരെ കേസെടുക്കുകയും ഇയാൾക്കും ഭാര്യയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.