ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ നിയമനിര്‍മാണം തടസപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി. ബില്ലുകൾ തടഞ്ഞുവച്ചുകൊണ്ട് ഗവർണർക്ക് നിയമസഭയെ മറികടക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പഞ്ചാബ് ഗവർണർക്കെതിരേ സംസ്ഥാന സർക്കാർ നൽകിയ കേസിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻറെ സുപ്രധാന വിധി.
ബില്ലുകൾ മുന്നിലെത്തുമ്പോൾ മൂന്ന് സാധ്യതകളാണ് ഗവർണർക്കുള്ളത്. ഒന്നുകിൽ ബില്ലിന് അനുമതി നൽകുക. അല്ലെങ്കിൽ ബില്ല് തടഞ്ഞുവയ്ക്കാം. ഇവ രണ്ടുമല്ലെങ്കിൽ രാഷട്രപതിയുടെ അഭിപ്രായം തേടാം. ഭരണഘടനാ അനുച്ഛേദം 200 പ്രകാരം ബില്ലുകൾ നിയമസഭയ്ക്കുതന്നെ തിരിച്ചയച്ച് മാറ്റങ്ങൾ നിർദേശിക്കാനുള്ള സ്വാതന്ത്ര്യവും ഗവർണർക്കുണ്ട്.
അതേസമയം, മാറ്റങ്ങൾ ഉൾപ്പെടുത്തിയോ അല്ലാതെയോ നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി പറയുന്നു. ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കാണ് അധികാരമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
രാഷട്രപതി നാമനിർദേശം ചെയ്യുന്ന പ്രതിനിധിയാണ് ഗവർണർ. തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് നിയമനിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.