Breaking
18 Sep 2024, Wed

കെപിസിസിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്; അര ലക്ഷത്തോളം പേർ റാലിയിൽ പങ്കെടുക്കുമെന്ന് നേതൃത്വം

കെപിസിസിയുടെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയും പൊതുസമ്മേളനവും ഇന്ന് കോഴിക്കോട് നടക്കും. വൈകുന്നേരം 3 മണിക്ക് കോഴിക്കോട് കടപ്പുറത്താണ് റാലി നടക്കുന്നത്. ശക്തമായ പ്രധിഷേധങ്ങൾക്കൊടുവിലാണ് റാലി കടപ്പുറത്തു നടത്താൻ ജില്ലാ ഭരണകൂടം അനുമതി കൊടുത്തത്. കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരന്റെ അധ്യക്ഷതയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി റാലി ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായിരിക്കും. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പാലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുക്കും. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും റാലിയിൽ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന റാലിയില്‍ അര ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ ആര്യാടന്‍ ഷൗക്കത്ത് പങ്കെടുക്കേണ്ടതില്ലെന്ന് കെപിസിസി നിര്‍ദേശിച്ചു. കെപിസിസിയുടെ കടുത്ത വിലക്ക് അവഗണിച്ച് ആര്യാടന്‍ ഷൗക്കത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് നടത്തിയതാണ് നടപടിക്ക് കാരണം. പാര്‍ട്ടിയെ ധിക്കരിച്ചെന്നും ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്നുമായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണ്ടെന്ന തരത്തിലായിരുന്നു അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട്. കര്‍ശന താക്കീത് മതിയെന്നായിരുന്നു സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.

തുടര്‍ന്ന് കെപിസിസിയില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരുന്നു കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ആര്യാടന്‍ ഷൗക്കത്ത് പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം. ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നാണ് കെപിസിസി നിലപാട്.