മുന്‍കൂര്‍ ജാമ്യപേക്ഷ പിന്‍വലിച്ചതിന് പിന്നാലെ മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

ചെന്നൈ: മുന്‍കൂര്‍ ജാമ്യപേക്ഷ പിന്‍വലിച്ചതിന് പിന്നാലെ മന്‍സൂര്‍ അലി ഖാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. നാളെ ഹാജരാകാമെന്ന് നേരത്തെ കത്ത് നല്‍കിയിരുന്നുവെങ്കിലും ഹര്‍ജി പിന്‍വലിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പരാമര്‍ശത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേഷനില്‍ ഹാജരായി നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തെറ്റായാണ് നല്‍കിയിരുന്നത്. ഇതോടെ കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി.

സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ചുമത്തിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാന്‍ ദേശീയ വനിത കമ്മീഷന്‍, തമിഴ്‌നാട് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പിന്നാലെ ചെന്നൈയില്‍ വാര്‍ത്താസമ്മേളനം നടത്തിയ മന്‍സൂര്‍, പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് വ്യക്തമാക്കി.