നടൻ സൂര്യക്ക് പരിക്ക്; കങ്കുവയുടെ ചിത്രീകരണം നിർത്തിവച്ചു

ഷൂട്ടിംഗിനിടെ നടന്‍ സൂര്യക്ക് പരിക്ക്. പുതിയ ചിത്രം ‘കങ്കുവ’യുടെ ഷൂട്ടിംഗിനിടെയാണ് സൂര്യക്ക് പരിക്കേറ്റത്. ചെന്നൈയിലെ സ്റ്റുഡിയോയില്‍ ആയിരുന്നു ഷൂട്ടിംഗ്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം.

ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നിസാര പരിക്കുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളു എന്നാണ് സൂചന. എങ്കിലും സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കങ്കുവയുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. സിരുത്തെ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തിയേറ്ററുകളില്‍ എത്തും.

38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന കങ്കുവ ഇമേഴ്സീവ് IMAX ഫോര്‍മാറ്റിലും, 2D, 3D പതിപ്പിലും പ്രദര്‍ശനം നടത്തും. ഇന്ത്യന്‍ സിനിമകള്‍ ഇതുവരെ റിലീസ് ചെയ്യാത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കങ്കുവ പ്രദര്‍ശനത്തിനെത്തും. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്.

ബോളിവുഡ് താരം ദിഷ പഠാനിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീതം. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം. നിഷാദ് യൂസഫാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.