ഗാസയിൽ താത്ക്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ ആരംഭിക്കും; ബന്ദികളുടെ മോചനം വൈകിട്ട് നാല് മണിക്ക്

ഗാസ മുനമ്പിലെ താൽക്കാലിക വെടി നിർത്തൽ ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെ ( ഇന്ത്യൻ സമയം രാവിലെ പത്തര) ആരംഭിക്കുമെന്ന് ഖത്തർ. പതിമൂന്ന് ബന്ധികളുള്ള ആദ്യ സംഘത്തിന്റെ മോചനം ഇന്ന് വൈകിട്ട് നാല് മണിയോടെ ഉണ്ടാകും.

എന്നാൽ കരാർ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയും ഗാസയിൽ കനത്ത വ്യോമാക്രമണങ്ങൾ തുടരുകയാണ്. മുനമ്പിന്റെ വടക്കു ഭാഗത്തും മധ്യ ഭാഗത്തുമാണ് ആക്രമണം രൂക്ഷം.

പലസ്തീനികൾക്ക് അഭയം നൽകുന്ന യുഎൻആർഡബ്ല്യുഎ സ്കൂളിലും ആക്രമണങ്ങൾ രൂക്ഷമാണ്. പോരാട്ടം നിർത്തുന്നതിന് മുന്നോടിയായി ഇന്തോനേഷ്യൻ ആശുപത്രിയിൽ തീവ്രമായ ബോംബാക്രമണം ഉണ്ടായതായി ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു.