‘ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ല, അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും’: രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ലെന്നും ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മ്യൂസിയം പൊലീസാണ് നോട്ടീസ് അയച്ചത്. നോട്ടീസ് കിട്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും സ്ഥിരീകരിച്ചു.

ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അന്വേഷണത്തിന് ഒരു തടസവും സൃഷ്ടിക്കില്ലെന്നും എന്നാൽ തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ റിപ്പോർട്ടര്‍ ടിവിയോട് പറഞ്ഞു. യൂത്ത് കോൺഗ്രസിന് പുതിയ ടീം വരുന്നതിനെ ചിലർ ഭയപ്പെടുന്നു. അന്വേഷണസംഘം രൂപീകരിക്കുന്നതിന് മുൻപ് ഫ്രെയിം ചെയ്യേണ്ടവരെ ലിസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞു.

നവകേരള സദസ്സില്‍ കല്യാശ്ശേരിയിൽ വെച്ച് നടന്ന ആക്രമണ സംഭവങ്ങളോടും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. നവകേരള സദസ്സ് കേരളത്തിലെ ജനങ്ങളുടെ പണം കൊണ്ടുള്ള ധൂർത്താണെന്നാണ് കോൺ​ഗ്രസിന്റെയും യൂത്ത് കോൺ​ഗ്രസിന്റെയും നിലപാട്. കണ്ണൂരിൽ യൂത്ത് കോൺ​​ഗ്രസ് ജില്ലാ ഭാരാവാഹികളെ ഉൾപ്പെടെയുള്ള പ്രവർത്തകരെ ഒരു പ്രകോപനവും കൂടാതെ കരുതൽ തടങ്കലിൽ വെയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി ഉയർത്തിയത്. എന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.