കൊല്ലം∙ താലൂക്ക് വികസന സമിതി യോഗത്തിനിടെ പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ് കുമാർ എൻജിനീയർമാരെ ശാസിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വിഡിയോ പുറത്ത്. യോഗത്തിനിടെ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ പരാതി പരിശോധിക്കാൻ ഇറങ്ങിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. താലൂക്ക് സഭ ചേരുന്ന ദിവസം വേറെ ഒരു പണിക്കും പോകരുതെന്ന് എൻജിനീയർക്ക് എംഎൽഎ നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ നേരത്തെയും മുന്നറിയിപ്പു നൽകിയതാണെന്ന് എംഎൽഎ ഓർമിപ്പിച്ചു. മറ്റൊരു എൻജിനീയറോട്, ഇയാൾക്കു വല്ല തേങ്ങയും അറിയാമോ എന്നും എംഎൽഎ ചോദിച്ചു.
‘‘താലൂക്ക് സഭ വിളിക്കുന്ന ദിവസം ഇനി മേലാൽ വേറെ പരിപാടി വയ്ക്കരുത്. ഇത് ലാസ്റ്റ് വാണിങ്ങാണ്. വന്നാൽ ഉടനെ പോകണമെന്നു പറയുന്നതിനു കഴിഞ്ഞ തവണ ഞാൻ ഒന്ന് മുന്നറിയിപ്പു തന്നതാണ്. താലൂക്ക് സഭ കൂടുമ്പോൾ ഇന്നു രാവിലെ അവിടെ സർവേയ്ക്കു ചെല്ലാമെന്നു പറയുന്നതു മോശമല്ലേ? ഈ സർവേ ഉച്ചയ്ക്കുശേഷം വയ്ക്കാമായിരുന്നല്ലോ. അങ്ങനെ പോകരുത്. സർവേയ്ക്ക് ഉച്ചയ്ക്കു പോകണം.
‘‘താലൂക്ക് സഭയെന്നാൽ എല്ലാവരും കൂടി പങ്കെടുക്കുന്നതാണ്. ഇത്രയും പഞ്ചായത്തു മെമ്പർമാരും പ്രസിഡന്റും എല്ലാവരും വന്നിരിക്കുമ്പോൾ നിങ്ങൾ കറങ്ങാൻ പോകുന്നത് ഇന്നു നിർത്തിക്കോണം. കേട്ടോ ബിജു. മേലാൽ ഇങ്ങനത്തെ പരിപാടി കാണിക്കരുത്.’’ – എംഎൽഎ പറഞ്ഞു. ‘ഇതു മൂന്നാഴ്ച മുൻപു കൊടുത്ത നോട്ടിസാണെ’ന്നും അദ്ദേഹം പറയുന്നത് വിഡിയോയിലുണ്ട്.