സിൽക്യാരയിൽ നിന്നും നല്ലവാർത്തകൾക്ക് കാത്ത് രാജ്യം; ഇനി തുരക്കാനുള്ളത് അഞ്ച് മീറ്റർ മാത്രം

അപ്രതീക്ഷിത തിരിച്ചടികളിൽ സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം നീളുന്നു. രാജ്യം കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാപ്രവർത്തനം വിജയത്തിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ദൗത്യം വീണ്ടും മുടങ്ങിയത്. തൊഴിലാളികളിലേക്കു രക്ഷാകുഴൽ എത്തുന്നതിന് ഏതാനും മീറ്ററുകൾ മുൻപായിരുന്നു ഇത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു നിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം, പ്രവർത്തിപ്പിക്കുമ്പോഴുള്ള പ്രകമ്പനത്തിൽ തകർന്നതാണു പ്രശ്നമായത്. കാഠിന്യമേറിയ അവശിഷ്ടങ്ങൾ തുരക്കാൻ യന്ത്രം സർവശക്തിയുമെടുത്ത് പ്രവർത്തിക്കവേ അടിത്തറ പൂർണമായി തകർന്നു.

സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികൾക്ക് പുറത്തുകടക്കാൻ കുഴൽപാത ഒരുക്കുന്ന പ്രവൃത്തി അന്ത്യഘട്ടത്തിൽ നിൽക്കവേയാണ് വീണ്ടും തടസങ്ങൾ ഉണ്ടയത്. തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിക്കും. ഓഗർ മെഷീൻ കേടുവന്നതിനേ തുടർന്നാണ് ഇന്നലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്.

ടണലിൽ അകപ്പെട്ട 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ദീപാവലി ദിനത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് ടണലിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷാപ്രവർത്തനം ആരംഭിച്ച് പന്ത്രണ്ടാം ദിനം പുറത്തെടുക്കാമെന്നാണ് അധികൃതർ കണക്ക് കൂട്ടിയത്. സർവ സജ്ജീകരണങ്ങളും ഒരുക്കി നാട് കാത്തിരുന്നിട്ടും പ്രതീക്ഷിച്ച സമയത്തിനുള്ളിൽ ദൗത്യം ലക്ഷ്യം കണ്ടില്ല.

ഒന്നിലേറെ തവണ യന്ത്രം തകരാറിലായതും വിലങ്ങ് തടിയായ ലോഹ പാളികൾ നീക്കം ചെയ്യാൻ സമയം കൂടുതൽ എടുത്തതുമാണ് രക്ഷാ പ്രവർത്തനം നീളാൻ വഴിവെച്ചത്. ഓഗർ മെഷീന്റെ ബ്ലേഡുകൾ പൊട്ടിയതോടെ ആണ് രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിയത്. തൊഴിലാളികൾക്ക് രക്ഷാ പാത ഒരുക്കാനുള്ള പൈപ്പ് സ്ഥാപിക്കാൻ ഏതാനും മീറ്റർ ദൂരം കൂടിയേ ബാക്കിയുള്ളൂ എന്ന് അന്താരാഷ്ട്ര തുരങ്ക വിദഗ്ദൻ അർനോൾഡ് ഡിക്‌സ് വ്യക്തമാക്കി.

തുരങ്കത്തിനുള്ളിലേക്ക് ഓക്‌സിജൻ നൽകുന്ന പൈപ്പിനും ഇന്നലെ നേരിയ തകരാറുകൾ കണ്ടെത്തിയിരുന്നു. യുദ്ധകാലടിസ്ഥാനത്തിൽ തകരാറ് പരിഹരിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില കുറയുന്നതിനാൽ ഇന്ന് തന്നെ രക്ഷാ പ്രവർത്തനം പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. ബുധനാഴ്ച തടസ്സമുണ്ടാക്കിയ സ്റ്റീൽ പൈപ്പ് നീക്കി വ്യാഴാഴ്ച കുഴൽ കയറ്റുന്ന പ്രവൃത്തി പുനരാരംഭിച്ചെങ്കിലും ഒന്നരമീറ്റർ പിന്നിട്ടപ്പോഴേക്കും വീണ്ടും നിർത്തിവെക്കേണ്ടിവന്നു.

അമേരിക്കൻ നിർമ്മിത ഓഗർ യന്ത്രമുപയോഗിച്ചാണ് മണ്ണ് തുരന്ന് ഇരുമ്പുകുഴൽ കയറ്റിക്കൊണ്ടിരിക്കുന്നത്. കുഴൽപാതയിലൂടെ നിരങ്ങി നീങ്ങി തൊഴിലാളികളെ പുറത്തുകൊണ്ടുവരേണ്ടത് എങ്ങനെയെന്ന് ദുരന്തനിവാരണ സേനാംഗങ്ങൾക്ക് വ്യാഴാഴ്ചയും റിഹേഴ്‌സൽ നൽകി. ബുധനാഴ്ച പൂർത്തിയാകാതെപോയ രക്ഷാദൗത്യത്തിന്റെ അന്ത്യഘട്ടം വ്യാഴാഴ്ച എന്തായാലും പൂർത്തിയാകുമെന്ന് ദേശീയ ദുരന്തനിവാരണ സേന ഡയറക്ടർ ജനറൽ അതുൽ കഡ്വാളും റിലേഷൻ വകുപ്പ് മേധാവി ബൻസീധർ തിവാരിയും മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് ദൗത്യം സ്തംഭിച്ചത്. 40ലേറെ ആംബുലൻസുകൾ അപകട സ്ഥലത്തിനുനിന്ന് അൽപമകലെ ഒരുക്കിയ താൽക്കാലിക ഹെലിപാഡിനടുത്ത് തൊഴിലാളികളെ കാത്തു കിടക്കുകയാണ്.

ഓഗർ യന്ത്രം മുടക്കമില്ലാതെ പ്രവർത്തിച്ചിരുന്നെങ്കിൽ കേവലം ആറു മണിക്കൂർ കൊണ്ട് അവസാനിക്കുമായിരുന്ന രക്ഷാദൗത്യമാണ് അവസാനഘട്ടത്തിൽ നിർത്തിവെക്കേണ്ടിവന്നത്. മലയിടിഞ്ഞ് അടഞ്ഞ അവശിഷ്ടങ്ങളിൽകൂടി ഒമ്പതാമത്തെ ഇരുമ്പുകുഴലും കയറ്റിയശേഷമാണ് 10ാമത്തെ കുഴൽ ഇടാൻ കഴിയാത്ത പ്രതിസന്ധി രൂപപ്പെട്ടത്. ബുധനാഴ്ച രാത്രി തുരക്കലിന് തടസ്സമായിനിന്ന ഇരുമ്പുപാളിയും കമ്പിയും വ്യാഴാഴ്ച രാവിലെ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയിരുന്നു. തുരങ്കത്തിന് നടുവിൽ മലയിടിഞ്ഞ് മണ്ണും കല്ലും കോൺക്രീറ്റും കൂടിക്കുഴഞ്ഞ് കിടക്കുന്ന അവശിഷ്ടങ്ങളിലേക്ക് 32 ഇഞ്ച് വ്യാസമുള്ള ഇരുമ്പുകുഴലുകൾ കയറ്റുന്ന പ്രവൃത്തി ഓഗർ യന്ത്രം വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ പുനരാരംഭിച്ചു. എന്നാൽ, ഒരു മണിക്കൂർ പ്രവർത്തിച്ചപ്പോഴേക്കും യന്ത്രം ഉറപ്പിച്ചുനിർത്തിയ കോൺക്രീറ്റ് അടിത്തറ ഇളകി. അതോടെ ഉച്ചക്ക് 1.30ന് രക്ഷാപ്രവർത്തനം പൂർണമായും നിർത്തിവെച്ചു.

തുരക്കുമ്പോഴുള്ള കമ്പനവും കനത്ത ഭാരവും താങ്ങാനാകാതെയാണ് യന്ത്രത്തിന്റെ കോൺക്രീറ്റ് അടിത്തറ ഇളകിയത്. ഇനി യന്ത്രത്തിന്റെ അടിഭാഗം വലിയ ബോൾട്ട് ഇട്ട് പുതുതായി കോൺക്രീറ്റ് ചെയ്ത് അടിത്തറ ഉറപ്പിക്കണം. ഇത് സെറ്റാകുന്നതിന് വെള്ളിയാഴ്ച ഉച്ച വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. അതിനുശേഷം ചുരുങ്ങിയത് ആറു മണിക്കൂർ മുടക്കമില്ലാതെ പ്രവൃത്തി നടന്ന ശേഷമേ 41 തൊഴിലാളികൾക്ക് പുറത്തുവരാനാകൂ. ഇതുകൂടാതെ പുതിയ ഇരുമ്പുപാളികളും കമ്പികളും കുഴലിടാനുള്ള വഴിയിൽ തടസ്സം തീർത്തിട്ടുണ്ടെന്നും ദുരന്ത നിവാരണ സേന അംഗങ്ങൾ പറഞ്ഞു. ഇത് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റണം. അതിനുശേഷമേ തുരന്ന് ഇരുമ്പുകുഴലിടുന്ന പ്രവൃത്തി പുനരാരംഭിക്കാനാവൂ. തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള കുഴൽപാതക്കായി കൂടുതൽ ഇരുമ്പുകുഴൽ കയറ്റുമെന്ന് ദേശീയ ദുരന്തനിവാരണ സേന ഡയറക്ടർ ജനറൽ അതുൽ കഡ്വാൾ അറിയിച്ചു. 60 മീറ്റർ കണക്കാക്കി കുഴലിറക്കിയാൽ രക്ഷാദൗത്യത്തിന് പ്രയാസമുണ്ടാകുമെന്നും കുഴൽപാത അൽപം അധികമായാൽ അത് മുറിച്ചുമാറ്റാമെന്നും അതുൽ കഡ്വാൾ വ്യക്തമാക്കി. ഒരു ഇരുമ്പുകുഴൽ കൂടി ഇടാനേ ബാക്കിയുള്ളൂ എന്നും അതിനുള്ള സമയംകൂടി കണക്കിലെടുത്താൽ വ്യാഴാഴ്ച രാത്രിയോടെ ദൗത്യം പൂർത്തിയാകുമെന്നും അതുൽ കഡ്വാൾ ഉച്ചക്ക് അറിയിച്ചിരുന്നു. എന്നാൽ, അതിനിടയിൽ തുരക്കൽയന്ത്രം നിർത്തിവെക്കേണ്ടി വന്നു.