നവകേരള ബസ് ചെളിയില്‍ പുതഞ്ഞു, കെട്ടിവലിച്ച് പുറത്തെടുത്തു

വയനാട്: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി സഞ്ചരിക്കുന്ന ബസ് ബസ് ചെളിയില്‍ പുതഞ്ഞു. വയനാട് മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് സംഭവം.

തുടര്‍ന്ന് കെട്ടിവലിച്ച് ചെളിയില്‍ നിന്ന് ബസ് പുറത്തെടുക്കുകയായിരുന്നു. മന്ത്രിമാര്‍ ബസില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ബസ് കുടുങ്ങിയത്.

പിന്നാലെ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് ബസ് കെട്ടിവലിച്ചും തള്ളിയും പിറകോട്ടു നീക്കി. കഴിഞ്ഞ ദിവസം പെയ്ത മഴയാണ് ബസ് പുതയാന്‍ കാരണം.

അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്ര നടത്തുന്ന ബസ് ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് ആലോചന. ജനുവരി മുതൽ ഇത്തരത്തിൽ ഉപയോഗിക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ സർക്കാരിന്റെ അനുമതി തേടിയെന്നാണ് വിവരം.

പ്രത്യേക നിരക്ക് ഈടാക്കിയാണ് നവകേരള ബസ് വിട്ടുനൽകുക. ആദ്യം ബുക്ക് ചെയ്യുന്നവരിൽ നിശ്ചിത ശതമാനത്തിന് നിരക്കിൽ ഇളവ് നൽകിയേക്കും. സർക്കാരിന്റെ അനുമതി കിട്ടിയാൽ മാത്രമേ തുടർനടപടികൾ കെ.എസ്.ആർ.ടി.സിക്ക് സ്വീകരിക്കാനാവൂ.