മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ വധശിക്ഷ: ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍ കോടതി, വാദം ഉടന്‍

എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരായ അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പരിശോധിച്ച ശേഷം വാദം കേള്‍ക്കുന്ന തീയതി ഖത്തര്‍ കോടതി ഉടന്‍ നിശ്ചയിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനത്തിന് എട്ട് ഇന്ത്യന്‍ പൗരന്‍മാരെ ഖത്തർ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ ഖത്തര്‍ അധികൃതര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും വധശിക്ഷ ഖത്തറിലെ പ്രാഥമിക കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം അടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഖത്തറിനെ സമീപിച്ചതും അപ്പീല്‍ നല്‍കിയതും.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മുന്‍ നാവികസേനാ ഉദ്യോസ്ഥരെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30ന് ഖത്തര്‍ തടവിലാക്കിയത്. ഖത്തര്‍ നാവികസേനക്കായി പരിശീലനം നല്‍കുന്നതിന് കരാറുണ്ടായിരുന്നതാണ് ഈ കമ്പനി.

ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത്.