റോബിൻ ബസ് പത്തനംതിട്ടയിൽ വീണ്ടും കസ്റ്റഡിയിൽ; നടപടി തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തിയതിന്; കോടതിയെ സമീപിക്കുമെന്നും നടത്തിപ്പുകാർ

റോബിൻ ബസ്സ് വീണ്ടും എം വി ഡി പിടിച്ചെടുത്തു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ചും പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തി എന്ന കാരണം പറഞ്ഞാണ് റോബിൻ ബസ്സ് പത്തനംതിട്ടയിൽ മോട്ടോർവാഹനവകുപ്പ് RTO എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തത്. എന്നാൽ കോടതി ഉത്തരവിന്റെ ലംഘനമാണ് ഉണ്ടായതെന്നും ഇതിനെതിരെ ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്നും നടത്തിപ്പുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിൽ ഹൈക്കോടതി ഉത്തരവും പെർമിറ്റ് വ്യവസ്ഥകളും ലംഘിച്ച് സർവ്വീസ് നടത്തി എന്നാരോപിച്ച് ഈ വാഹനം എംവിഡി പിടികൂടിയിരുന്നു. പിഴ ഈടാക്കിയ ശേഷം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വായിച്ചുകേൾപ്പിച്ച എംവിഡി കോടതി ഉത്തരവ് ലംഘിച്ചും യാത്രക്കാരുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന വിധം പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സർവ്വീസ് നടത്തരുതെന്ന കർശനനിർദ്ദേശം നൽകിയാണ് വാഹനം ഇന്നലെ വിട്ടുനൽകിയത്. സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തുന്നതിന് സുപ്രീം കോടതിയുടെ അനുകൂലവിധിയുണ്ടെന്ന ബസ്സ് ഉടമസ്ഥന്റെ വാദം വ്യാജമാണെന്നാണ് എം വി ഡി യുടെ വാദം.
എന്നാൽ തുടരെത്തുടരെ ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്നത് ഉൾപ്പടെയുള്ള തുടർച്ചയായ നിയമലംഘനങ്ങളുടെ പേരിലാണ് ഇന്ന് കേസെടുത്ത ശേഷം വാഹനം പിടിച്ചെടുത്തത് എന്നും എം വി ഡി പറയുന്നു. വാഹനം കോടതിയ്ക്ക് കൈമാറും. വാഹനത്തിന്റെ പെർമിറ്റ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവയിൽ നടപടികളുണ്ടാകുമെന്നും എംവിഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം നൽകിയ വ്ലോഗർമാർ ഉൾപ്പടെയുള്ളവർക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും അധികൃതർ സൂചന നൽകി. ബസ് നടത്തിപ്പുകാർ എംവിഡി നടപടിക്കെതിരെ ഇന്ന് തന്നെ കോടതിയെ സമീപിക്കും.