തിരുവനന്തപുരം∙ നവകേരള ബസിനു മുന്നിൽച്ചാടി മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ജനകീയ സമരങ്ങൾ ശക്തി പ്രാപിക്കേണ്ട കാലം വളരെയധികം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവർ ആ വണ്ടിക്കു മുന്നിൽ ചാടിയതും തല്ലു കൊണ്ടതും ജനങ്ങൾക്കു വേണ്ടിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതു യൂത്ത് കോൺഗ്രസ്സുകാരായതുകൊണ്ട് ദൂരം കൽപ്പിക്കണമെന്ന് ആരും പറയില്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനെ രാക്ഷസ വാഹനമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
‘‘സഞ്ചരിക്കുന്ന ആ രാക്ഷസ വാഹനത്തെയും ചെളിയിൽനിന്ന് തള്ളിക്കയറ്റുക. നല്ല തമാശകളൊക്കെയാണ് നടക്കുന്നത്. അതൊക്കെ ആർക്കും പറ്റാവുന്നതാണ്. ആ വാഹനത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ, ചില നിശ്ചയങ്ങളാണിത്. അവർക്കുള്ള ചില സൂചനകളാണ്. ഈ പണമെല്ലാം കൂടി എടുത്ത് അവർക്ക് പെൻഷൻ കൊടുത്താൽ മതിയായിരുന്നു. അവരുടെ പ്രാർഥനയെങ്കിലും ഉണ്ടാകുമായിരുന്നു. ഇതിപ്പോൾ പാർട്ടിയെ കനപ്പിക്കാനും പാർട്ടിയിലെ ചില വ്യക്തികളെ കനപ്പിക്കാനുമുള്ള ധൂർത്തിനായി നടത്തുന്ന പരിപാടിയാണ്. ആ വ്യക്തികൾ നല്ലവരായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.
‘‘പ്രതിപക്ഷം ഏതു പാർട്ടിയുമായിക്കോട്ടെ. പ്രതിപക്ഷമാകണം ജനങ്ങളുടെ ശബ്ദം. ആ ശബ്ദം ഉയർത്തുന്ന പ്രതിപക്ഷം ഏതു രാഷ്ട്രീയ പാർട്ടിയായാലും ശരി, ജനങ്ങൾ അവരെ അകമഴിഞ്ഞു പിന്തുണയ്ക്കണമെന്നു മാത്രമാണ് എനിക്കു നിങ്ങളോട് അഭ്യർഥിക്കാനുള്ളത്. നിങ്ങൾക്കു വേണ്ടിയാണ് അവർ ആ വണ്ടിയുടെ മുന്നിൽ ചാടിയത്. നിങ്ങൾക്കു വേണ്ടിയാണ് അവർ തല്ലുകൊണ്ടതും ഇന്ന് ആശുപത്രിയിൽ കിടക്കുന്നതും. അതു കുറച്ചു യൂത്ത് കോൺഗ്രസുകാരായതുകൊണ്ട് അവരോടു ദൂരം കൽപ്പിക്കണമെന്ന് ആരും പറയില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞാൽത്തന്നെ, ആ പറയുന്നവരോടു മാത്രമേ എനിക്കു ദൂരം കൽപ്പിക്കാനുള്ളൂ.