Breaking
18 Sep 2024, Wed

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ ദുരന്തം; തിക്കിൽപെട്ട് നാലു വിദ്യാർത്ഥികൾ മരിച്ചു; 2 പേരുടെനില ഗുരുതരം; നിരവധി പേർക്ക് പരിക്ക്

Breaking News

കൊച്ചി: കുസാറ്റ് ക്യാമ്പസിൽ ഗാനമേളക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. 2 പേരുടെ നില അതിവ ഗുരുതരമാണ്. അപകടത്തിൽ 50 ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രാതി 7.30 ഓടെയായിരുന്നു അപകടം.

ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിലും, കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

ഫെസ്റ്റിലെ ഗാനമേള സദസ്സിന് ആളുകൾ കൂടിയിരുന്നു. 15 വിദ്യാ‍ർത്ഥികൾ തലകറങ്ങി വീഴുകയായിരുന്നു. മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമാകുകയായിരുന്നു. ഗേറ്റ് തുറന്നതോടെ എല്ലാവരും ഒരുമിച്ച് വന്നുവെന്നും ഇതോടെ ആളുകൾ മേൽക്കുമേൽ വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കളമശ്ശേരി ദുരന്തം : മന്ത്രിമാർ സംഭവസ്ഥലത്തേക്ക് തിരിച്ചു

കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞതിൽ മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്.

ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.

വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചു. അവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യമന്ത്രി വീണ ജോർജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.