ഡിജിറ്റൽ വായ്പകളിൽ വീഴരുത്; ‘ഡാർക്ക് പാറ്റേണുകൾ’ – മുന്നറിയിപ്പുമായി ആർബിഐ

മുംബൈ: ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനുമായി ഡിജിറ്റൽ വായ്പാദാതാക്കൾ ‘ഡാർക്ക് പാറ്റേണുകൾ’ ഉപയോഗിക്കുന്നുവെന്ന മുന്നറിയിപ്പുമായി ആർബിഐ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവു. ഡിജിറ്റൽ പണമിടപാട്, വിപണിയിലെ അപകടസാധ്യത എന്നിവ സംബന്ധിച്ച റിസ്ക് മാനേജ്മെന്റ് ചട്ടക്കൂട് ആർബിഐ പുനഃപരിശോധിക്കുമെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. ഓൺലൈനായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വായ്പകൾ വാഗ്ദാനം ചെയ്യുന്നതിനാണ് ‘ഡാർക്ക് പാറ്റേണുകൾ’ എന്നറിയപ്പെടുന്ന ഡിജിറ്റൽ ടെക്നിക് ഉപയോഗിക്കുന്നതെന്നും റാവു പറഞ്ഞു.

ഡിസൈൻ ഇന്റർഫേസുകളും മറ്റ് വിപണന തന്ത്രങ്ങളും ഉപയോഗിച്ചാണ് ഇൻസ്റ്റന്റ് ലോണിന്റെ മറവിൽ ഉയർന്ന പലിശ നിരക്കുള്ള ഇത്തരം വായ്പകൾ ഉപയോക്താക്കളിൽ എത്തിക്കുന്നത്. നിലവിലെ ടെക്-ബാങ്കിംഗ് പരിതസ്ഥിതിയിൽ സൈബർ തട്ടിപ്പുകൾ തടയാൻ സുരക്ഷ ശക്തമാക്കണമെന്ന് ഡെപ്യൂട്ടി ഗവർണർ ബാങ്കുകളോട് ആവശ്യപ്പെട്ടു. “തട്ടിപ്പുകളും ഡാറ്റാ ചോർച്ചകളും മറ്റും വർധിച്ചുവരികയാണ്. അനധികൃത ആപ്പുകൾ, സ്വകാര്യത ലംഘിക്കൽ, ഡീപ്ഫേക്കുകൾ എന്നിങ്ങനെ നിരവധി സൈബർ ഭീഷണികൾ ഇന്ന് ഉപഭോക്താക്കൾ നേരിടുന്നുണ്ടെന്നും റാവു പറഞ്ഞു.