Breaking
18 Sep 2024, Wed

ഗൂഗിള്‍ പേ ഇടപാടുകള്‍ ഇപ്പോൾ ഫ്രീയല്ല; റീചാര്‍ജ്ന് മൂന്നു രൂപ വരെ ഈടാക്കിത്തുടങ്ങി

മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ. വര്‍ഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിള്‍ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

ഉപയോക്താവ് പങ്കിട്ട സ്‌ക്രീന്‍ഷോട്ടില്‍ മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കിയെന്ന വ്യക്തമാക്കുന്നു. ജിയോയില്‍ നിന്നുള്ള 749 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്. കണ്‍വീനിയന്‍സ് ഫീസ് ജിഎസ്ടി ഉള്‍പ്പെടെയുള്ളതാണെന്ന് സ്‌ക്രീന്‍ഷോട്ടില്‍ വ്യക്തമാണ്.

കണ്‍വീനിയന്‍സ് ഫീസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ എക്സ് വഴി വെളിപ്പെടുത്തിയിട്ടുണ്ട്. 100 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. 200 മുതല്‍ രൂപ വരെ 300 രൂപ വരെയുള്ള റീചാര്‍ജിന് രണ്ടു രൂപ ഈടാക്കും. അതില്‍ കൂടുതലുള്ളതിന് മൂന്ന് രൂപയാണ് ഈടാക്കുന്നതെന്ന് മുകുള്‍ ശര്‍മ്മ പറഞ്ഞു.

ഈ മാസമാദ്യം ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ സേവന നിബന്ധനകള്‍ അപ്ഡേറ്റ് ചെയ്തതായി മൈസ്മാര്‍ട്ട്‌പ്രൈസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ സ്വന്തം വിവേചനാധികാരത്തില്‍ ഫീസ് നിശ്ചയിച്ചേക്കാമെന്നും പുതുക്കിയ സേവന നിബന്ധനകള്‍ പറയുന്നുണ്ട്. ഓപ്പറേറ്ററുടെ വെബ്സൈറ്റ് വഴി റീചാര്‍ജ് പ്ലാനുകള്‍ വാങ്ങുന്നത് കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കാനുള്ള ഏക മാര്‍ഗമാണെന്ന സൂചനയുണ്ട്. ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്ന ആദ്യത്തെ പേയ്മെന്റ് സേവന ദാതാവ് ഗൂഗിള്‍ പേയല്ല. പേടിഎം, ഫോണ്‍പേ എന്നിവയും തുക ഈടാക്കി തുടങ്ങിയിരുന്നു.