തിരുവനന്തപുരത്തു നിന്നും ഹൃദയം എത്തിക്കും; കൊച്ചി ലിസി ആശുപത്രിയിൽ ഹൃദയം കൊണ്ടുവരുന്നത് ഹെലികോപ്റ്റർ മാർഗം

ഇന്ന് രാവിലെ 8.30 ന് ശേഷം തിരുവനന്തപുരത്തു നിന്ന് ഹൃദയവുമായി പുറപ്പെടുന്ന ഹെലികോപ്റ്റർ 9 ന് ശേഷം ബോൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹെലിപ്പാടിൽ എത്തിച്ചേരും. കായംകുളം സ്വദേശി ഹരിനാരായണൻ (16) ആണ് ഹൃദയം മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖമാണ് ഹരി നാരായണന് ഉണ്ടായിരുന്നത്.

ഹരി നാരയണൻ്റെ സഹോദരൻ സൂര്യനാരായണൻ 2021 ൽ സമാനമായ അസുഖം മൂലം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അന്നും സംസ്ഥാന സർക്കാരിൻ്റെ ഹെലികോപ്റ്ററിൽ ആണ് തിരുവനന്തപുരത്തു നിന്നും ഹൃദയം എത്തിച്ചത്. സൂര്യനാരായണൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു.

ലിസി ആശുപത്രിയിലെ 28-ാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണിത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ഹൃദയം എടുക്കുന്നതിനായി ഇന്നലെ രാത്രിയോടെ കിംസ് ആശുപത്രിയിൽ എത്തിച്ചേർന്നിരുന്നു.

ലിസി ആശുപത്രി അധികൃതർ മന്ത്രി പി. രാജീവ് മുഖേന മുഖ്യമന്ത്രിയെ ബന്ധപ്പെട്ട തിനെ തുടർന്നാണ് സർക്കാരിൻ്റെ ഹെലികോപ’റ്റർ ഈ ദൗത്യത്തിന് അനുവദിച്ചത്.