രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്

ജയ്പൂർ: രാജസ്ഥാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. ഏകദേശം ഒരുമാസത്തോളം നീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് സംസ്ഥാനം വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. 51,890 പോളിങ് ബൂത്തുകളിലായി അഞ്ച് ലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. 183 വനിതകള്‍ ഉള്‍പ്പെടെ 1875 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ശ്രീഗംഗാനഗറിലെ കരണ്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിറ്റിംഗ് എംഎല്‍എ കൂടിയായ ഗുര്‍മീത് സിംഗ് കൂനാറിന്റെ മരണത്തെ തുടര്‍ന്ന് ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. 200 സീറ്റുകളുള്ള രാജസ്ഥാനിൽ 199 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനായി 1,02,290 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. മൊത്തം 69,114 പോലീസ് ഉദ്യോഗസ്ഥരെയും 32,876 രാജസ്ഥാൻ ഹോം ഗാർഡിനെയും ഫോറസ്റ്റ് ഗാർഡിനെയും ആർഎസി ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ 700 കമ്പനി സിഎപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്.

അശോക് ഗഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ തർക്കമാണെന്ന് ബിജെപി പ്രചാരണ രംഗത്തുടനീളം തുടര്‍ച്ചയായി ആവർത്തിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സച്ചിൻ പൈലറ്റിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചത് കോൺഗ്രസ് ക്യാമ്പിന് ആവേശം പകർന്നിട്ടുണ്ട്. എന്നാൽ വിമത ഭീഷണിയും അശോക് ഗഹ്‌ലോട്ട്-സച്ചിൻ പൈലറ്റ് തർക്കവും തിരിച്ചടിയാകുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്.  അശോക് ഗഹ്‌ലോട്ട് പക്ഷത്തെ പ്രമുഖരായ മഹേഷ് ജോഷി, ധര്‍മേന്ദ്ര റാത്തോഡ് എന്നിവര്‍ക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇവര്‍ക്ക് പുറമെ ഖിലാഡി ലാല്‍ ബൈര്‍വ, ഭരത് സിംഗ് കുന്ദന്‍പൂര്‍, ഭരോസി ലാല്‍ ജാതവ്, ഹീരാ ലാല്‍ മേഘ്വാള്‍, ജോഹാരി ലാല്‍ മീണ, ബാബു ലാല്‍ ബൈര്‍വ, കൂടാതെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുച്ച സ്വതന്ത്ര എംഎല്‍എമാരായ രാജ്കുമാര്‍ ഗൗര്‍, അലോക് ബെനിവാള്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇവരില്‍ പലരും റിബല്‍ സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുണ്ട്.

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ബിജെപിയിലും അതൃപ്തിയുണ്ട്. വസുന്ധരെ രാജെ സിന്ധ്യയ്ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന ആരോപണം ബിജെപിക്കും തലവേദനയാണ്. വസുന്ധരെ രാജെ സിന്ധ്യയുടെ അടുത്ത അനുയായികളായ നര്‍പത് സിംഗ് രാജ്വി, രാജ്പാല്‍ സിംഗ് ഷെഖാവത്ത് എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ രാജ്പാല്‍ സിങ്ങ് ഷെഖാവത്തിന്റെ മണ്ഡലത്തിലേക്ക് രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോഡിനെയാണ് ബിജെപി പരിഗണിച്ചത്.  വസുന്ധരെ ക്യാമ്പിലെ പ്രമുഖർക്ക് സീറ്റ് നിഷേധിച്ചതിലെ അസംതൃപ്തിയും ബിജെപിക്ക് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തലുകളുണ്ട്.

രാജസ്ഥാനിലേക്കെത്താൻ വൈകിയെങ്കിലും കോൺഗ്രസ് പ്രചാരണത്തിൻ്റെ കുന്തമുന രാഹുൽ ഗാന്ധിയായിരുന്നു. പ്രിയങ്ക ഗാന്ധിയും രാജസ്ഥാനിൽ സജീവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും തന്നെയായിരുന്നു ബിജെപിയുടെ പ്രധാന താരപ്രചാരകര്‍. അശോക് ഗഹ്‌ലോട്ടിനെ മുൻനിർത്തിയായിരുന്നു രാജസ്ഥാനിലെ കോൺഗ്രസ് പ്രചാരണം. ഭരണം നിലനിർത്തിയാൽ അശോക് ഗഹ്‌ലോട്ട് തന്നെയാകും മുഖ്യമന്ത്രിയെന്ന പ്രതീതിയായിരുന്നു കോൺഗ്രസ് പ്രചാരണത്തിൽ പ്രതിഫലിച്ചത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളില്‍ അടക്കം മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനൊപ്പം പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര മാത്രമാണ് ഇടംപിടിച്ചിരുന്നത്. അഭിപ്രായ സർവെകളിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചതും അശോക് ഗഹ്‌ലോട്ടിനായിരുന്നു. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയാല്‍ 2018ലേത് പോലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാനുള്ള കരുത്ത് സച്ചിൻ പൈലറ്റിനില്ലെന്നതും അശോക് ഗഹ്‌ലോട്ടിന് അനുകൂലമായ ഘടകമാണ്.  

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കാതെയായിരുന്നു ഇത്തവണ രാജസ്ഥാനിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. രാജസ്ഥാനില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് വസുന്ധരെയെന്ന ഉത്തരം ബിജെപി നേതൃത്വം ഉറപ്പോടെ നല്‍കുന്നില്ല. രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോഡിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്തിന്റെ പേരും പ്രാധാന്യത്തോടെ അന്തരീക്ഷത്തിലുണ്ട്. റെയില്‍വെ വകുപ്പ് മന്ത്രി അശ്വിനി വൈഭവിന്റെ പേരും ഭാവി മുഖ്യമന്ത്രി പദവിയിലേക്ക് ഉയരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തര്‍ക്കം രൂക്ഷമായാല്‍ കോട്ടയില്‍ നിന്നുള്ള ശക്തനായ നേതാവ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള കേന്ദ്രനേതൃത്വത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ മുഖ്യമന്ത്രി പദത്തില്‍ അവരോധിക്കപ്പെട്ടേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്.