സിൽക്യാര രക്ഷാദൗത്യം വൈകുന്നു; തൊഴിലാളികള്‍ ടണലിൽ കുടുങ്ങിയിട്ട് 14 ദിവസം

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്കായുളള രക്ഷാ ദൗത്യം വൈകുന്നു. വെള്ളിയാഴ്ച വൈകുന്നേരം പുനരാരംഭിച്ച രക്ഷാപ്രവർത്തനങ്ങൾ, ആഗർ ഡ്രില്ലിംഗ് മെഷീൻ ഒരു മെറ്റൽ ഗർഡറിൽ ഇടിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. ഡ്രില്ലിങ്ങിലെ തടസ്സങ്ങൾ കണക്കിലെടുത്ത്, രക്ഷാപ്രവർത്തകർ കൈകൾ കൊണ്ട് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും ശ്രമിക്കുന്നുണ്ട്. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമം ഇന്നും തുടരും.

വ്യാഴാഴ്ച സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന് 24 മണിക്കൂറിലധികം മെഷീൻ നേരത്തെ പ്രവർത്തനരഹിതമായിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സുരക്ഷാ കുഴല്‍ തൊഴിലാളികളുടെ സമീപത്തെത്താൻ ഇനി അവശേഷിക്കുന്നത് മീറ്ററുകൾ മാത്രമാണ്.

41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 14 ദിവസമായി. തുരങ്കത്തിനുള്ളില്‍ കഴിയുന്ന തൊഴിലാളികള്‍ സുരക്ഷിതരാണെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. സുരക്ഷാ കുഴൽ സ്ഥാപിക്കുന്ന പ്രക്രിയ പൂർത്തിയായി കഴിഞ്ഞാൽ സുരക്ഷാ കുഴലിലൂടെ സ്‌ട്രെച്ചറില്‍ ഓരോരുത്തരെയായി പുറത്തെത്തിക്കും. ഇതിൻ്റെ ട്രയലും ദുരന്ത നിവാരണ സേനാംഗങ്ങൾ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

തൊഴിലാളികളെ ആശുപത്രിലേക്ക് മാറ്റുന്നതിനായി 41 ആംബുലന്‍സുകളും ക്രമീകരിച്ചിട്ടുണ്ട്. എയര്‍ ലിഫ്റ്റിംഗ് ആവശ്യമായി വന്നാൽ അതിനായി ഹെലികോപ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ നിരന്തരം വാക്കിടോക്കി വഴി ആശയ വിനിമയം നടത്തുന്നുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പൊലീസ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം.

ഉത്തരാഖണ്ഡില ഛാർധാം റോഡ് പദ്ധതിയുടെ ഭാ​ഗമായി നിർമ്മിക്കുന്ന തുരങ്കം നവംബർ 12ന് പുലർച്ചെ നാല് മണിയോടെയാണ് തകർന്നതും 41 തൊഴിലാളികൾ അപകടത്തിൽപ്പെട്ടതും. യമുനോത്രി ഥാവിൽ നിന്ന് ഉത്തരകാശിയിലേക്കുള്ള ദൂരം കുറയ്ക്കുന്നതിന്റെ ഭാ​ഗമായി നിർമ്മിച്ച് കൊണ്ടിരിക്കുന്ന തുരങ്കത്തിലായിരുന്നു അപകടം ഉണ്ടായത്.