കുസാറ്റ്: പരിപാടി പോലീസിനെ അറിയിച്ചിരുന്നതായി VC; ഇല്ലെന്ന് പോലീസ്; സംഘാടന വീഴ്ചയെന്ന് വിലയിരുത്തൽ

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു 4 പേർ മരിച്ച സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വൈസ് ചാൻസലറോരും (വിസി) ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോർട്ട് തേടി. അസ്വഭാവിക മരണത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. പരുക്കേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

അതിനിടെ സംഭവത്തിൽ പരസ്പരം പഴിചാരി കുസാറ്റ് അധികൃതരും – പോലീസും. ക്യാമ്പസിൽ പരിപാടി നടക്കുമ്പോൾ എല്ലായ്പോഴും പോലീസിനെ വിവരം അറിയിക്കാറുണ്ട്. ഇന്നലത്തെ സംഗീത നിശയും ടെക് ഫെസ്റ്റും പോലീസിനെ അറിയിച്ചിരുന്നു. 6 പോലീസുദ്യോഗസ്ഥർ ഡ്യൂട്ടിക്കെത്തിയിരുന്നു. എന്നാൽ പോലിസിനെ വിവരം അറിയിച്ചിരുന്നില്ല എന്നാണ് കൊച്ചി പോലീസ് പറയുന്നത്. എഡിജിപി എം ആർ അജിത് കുമാറും, കൊച്ചി അസി. കമ്മീഷണറും ഇക്കാരും മാധ്യമങ്ങളോട് പറയുകയും ചെയ്തു.

മരിച്ച നാലുപേരുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഉച്ചയോടെ മൃതദേഹങ്ങൾ വിട്ടുനൽകും. തുടർന്ന് കുസാറ്റിൽ പൊതുദർശനത്തിനുവയ്ക്കും. സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി.റോയിയുടെ മകൾ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (20), ഇലക്ട്രിഷ്യനായ, പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസഫ് (23) എന്നിവരാണു മരിച്ചത്.